• Home
  • Kerala
  • ലോക്‌സഭാ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തിൽ വർധനവ്‌ വരുമെന്ന്‌ മോദി
Kerala

ലോക്‌സഭാ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തിൽ വർധനവ്‌ വരുമെന്ന്‌ മോദി

ലോക്‌സഭാ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തിൽ വൈകാതെ വർധനവ്‌ വരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടന പ്രസംഗത്തിലാണ്‌ പ്രഖ്യാപനം. 2026ൽ മണ്ഡലപുനർനിർണയം നടത്തി ലോക്‌സഭാ സീറ്റുകൾ സർക്കാർ കൂട്ടുമെന്ന്‌ ഇതോടെ തീർച്ചയായി. പഴയ പാർലമെന്റിൽ എംപിമാർക്ക്‌ ആവശ്യമായ ഇരിപ്പിടമില്ലായിരുന്നു. പുതിയ പാർലമെന്റിൽ ലോക്‌സഭയിൽ 888 പേർക്കും രാജ്യസഭയിൽ 300 പേർക്കും ഇരിക്കാനാകും–- മോദി പറഞ്ഞു.

ലോക്‌സഭാ സീറ്റുകൾ വർധിപ്പിച്ചാൽ ജനസംഖ്യാനിയന്ത്രണത്തിൽ പിന്നിലായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകും മണ്ഡലങ്ങൾ കൂടുക. കേരളം അടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വർധിക്കില്ല. ഉത്തരേന്ത്യയിൽ സീറ്റുകൾ കൂട്ടി ദേശീയ രാഷ്ട്രീയത്തിൽ ആധിപത്യം ഉറപ്പിക്കുകയെന്ന അജൻഡ ബിജെപിക്കും സംഘപരിവാറിനുമുണ്ട്‌.

ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളുടെ പ്രതിഫലനം
140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണ്‌ പുതിയ പാർലമെന്റ്‌ മന്ദിരമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ നിശ്‌ചയദാർഢ്യത്തിന്റെയും വീക്ഷണത്തിന്റെയും ഉദാഹരണമാണിതെന്നും ഉദ്‌ഘാടനപ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ജനാധിപത്യരാജ്യമാണെന്ന്‌ മാത്രമല്ല ജനാധിപത്യത്തിന്റെ മാതാവ്‌ കൂടിയാണ്‌. ജനാധിപത്യമായ കൂട്ടായ്‌മകളുടെയും സമിതികളുടെയും തത്വങ്ങൾ വേദങ്ങൾ പഠിപ്പിക്കുന്നു. ജനായത്ത ഭരണം എന്തെന്ന്‌ മഹാഭാരതത്തിൽ വിശദീകരിക്കുന്നുണ്ട്‌. വൈശാലിയിൽ ഇന്ത്യൻ ജനാധിപത്യം ശ്വസിക്കുകയും ജീവിക്കുകയും ചെയ്‌തു. ബസവേശ്വര ഭഗവാന്റെ അനുഭവ മണ്ഡപം എല്ലാവർക്കും അഭിമാനമേകുന്നതാണ്‌.

ചോള സാമ്രാജ്യത്വത്തിന്റെ കാലത്ത്‌ ചെങ്കോൽ രാഷ്‌ട്രസേവനത്തിന്റെ ചിഹ്‌നമായിരുന്നു. രാജാജിയുടെയും അധീനത്തിന്റെയും മാർഗനിർദേശത്തിൽ ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ വിശുദ്ധ ചിഹ്‌നമായി. ചെങ്കോലിന്റെ പ്രാധാന്യം വീണ്ടെടുക്കാനായത്‌ ഭാഗ്യമായി കരുതാം–-മോദി പറഞ്ഞു.

Related posts

കൂടുതൽ ഒളിമ്പിക്സ് മെഡൽ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരുമുണ്ടാകും: മുഖ്യമന്ത്രി

Aswathi Kottiyoor

തൊഴിലില്ലാതാകുന്ന ഇന്ത്യ

Aswathi Kottiyoor

ഇന്റർ ഡിസിപ്ലിനറി എം.ടെക്കിന് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox