ന്യൂഡൽഹി: പുതിയ പാർലമെൻ്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദർശിച്ചു. 2020ൽ ആണ് പുതിയ പാർലമെന്‍റ് മന്ദിരത്തിൻ്റെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിൻ്റെ നിര്‍മ്മാണം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്.
ത്രികോണാകൃതിയിലാണ് മന്ദിരത്തിൻ്റെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളും ആണുള്ളത്.