മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ് പുറത്തിറക്കി. ഉപാധികളോടെ വെടിവച്ച് കൊല്ലുന്നതിനാണ് ഉത്തരവ്. ജനവാസ മേഖലകളിൽ മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെയാണ് ഇത്തരത്തിൽ കൊല്ലാൻ സാധിക്കുക.പൊതുജനങ്ങളുടെ പരാതിയിൽ വൈൽഡ് ലൈഫ് വാർഡന് ഇതു സംബന്ധിച്ച തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉണ്ടായിരുന്ന അധികാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡെലിഗേറ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ വിരുട്ടാണത്ത് കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചിരുന്നു. താണീശ്വരത്ത് മാരാത്ത് രാജീവ് (61) ആണ് മരിച്ചത്. പറമ്പിൽ നാളികേരം പറിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പറമ്പിൽ നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നി രാജീവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. നിലത്തുവീണ രാജീവിനെ പന്നി വീണ്ടും ആക്രമിച്ചു. മാരകമായി പരുക്കേറ്റ രാജീവിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരളത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നതായി പരാതികളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി ഉപാധികളോടെ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നത്.