വിദേശ കപ്പലിൽനിന്ന് 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് അന്താരാഷ്‌ട്ര ജലപാതയിൽനിന്നാണെന്ന് ഇന്റലിജൻസ് ബ്യൂറോ (ഐബി). പ്രാഥമിക അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ, കൊച്ചിതീരത്തിനു സമീപത്തുനിന്നാണ് പിടികൂടിയതെന്നാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ നൽകിയ സത്യവാങ്‌മൂലം.
നാവികസേനയാണ് എൻസിബിക്ക് കേസിലെ പ്രതി പാകിസ്ഥാൻ സ്വദേശി സുബൈർ ദെരക് ഷാൻദേയെ കൈമാറിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആറുപേരും ശ്രീലങ്കൻ തീരത്തേക്ക് രക്ഷപ്പെട്ടതായാണ് സംശയം. ഇവർ ഇന്ത്യൻ തീരത്ത് എത്തിയതായി സൂചനയില്ല. അതുകൊണ്ട് ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നല്ല മയക്കുമരുന്ന് പിടികൂടിയതെന്നാണ് ഐബിയുടെ കണ്ടെത്തൽ. ഐബി അന്വേഷണവും ശ്രീലങ്ക കേന്ദ്രീകരിച്ചാണ്. ചെന്നൈ യൂണിറ്റാണ് അന്വേഷിക്കുന്നത്. ഷാൻദേയുടെ കസ്‌റ്റഡി കാലാവധി ശനിയാഴ്‌ച അവസാനിക്കും. കുറെ വിവരങ്ങൾ ഇയാളിൽനിന്ന് ലഭിച്ചതായാണ് സൂചന. ഇടയ്‌ക്കിടയ്‌ക്ക് മൊഴി മാറ്റുന്നുണ്ട്. ഇറാൻ സ്വദേശിയെന്നാണ് സുബൈർ ആവർത്തിക്കുന്നത്. എന്നാൽ, ഇയാളുടെ പക്കൽനിന്ന് പാകിസ്ഥാൻ പാസ്‌പോർട്ട് ലഭിച്ചിരുന്നു.