മെച്ചപ്പെട്ടു വന്ന സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ അതിഗുരുതര പ്രതിസന്ധിയിലേക്കു വീണ്ടും തള്ളിവിട്ട് കേന്ദ്രത്തിന്റെ കടുംവെട്ട്. ഇൗ സാമ്പത്തിക വർഷം പൊതുവിപണിയിൽനിന്നു കേരളത്തിനു കടമെടുക്കാമെന്നു കേന്ദ്രം തന്നെ സമ്മതിച്ചിരുന്ന 32,442 കോടി രൂപയിൽ 17,052 കോടി രൂപ കേന്ദ്രസർക്കാർ ഒറ്റയടിക്കു വെട്ടിക്കുറച്ചു. 32,442 കോടിയിൽനിന്നു പതിവു വെട്ടിക്കുറയ്ക്കലിനു ശേഷം 25,000 കോടിയെങ്കിലും ഇൗ വർഷം കടമെടുക്കാൻ കഴിയുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ, പകുതിയോളം തുക വെട്ടിക്കുറച്ചതോടെ ഇൗ വർഷം കടമെടുക്കാൻ കഴിയുക 15,390 കോടി രൂപ മാത്രം. ഇൗ വർഷം ഇതിനകം 2,000 കോടി കടമെടുത്തു കഴിഞ്ഞതിനാൽ ശേഷിക്കുന്നത് 13,390 കോടിയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്രയധികം തുക കടമെടുപ്പു പരിധിയിൽനിന്നു കുറയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ 23,000 കോടി രൂപയെക്കാൾ 8000 കോടിയോളമാണ് കുറയുന്നത്.
കിഫ്ബി, പെൻഷൻ ഫണ്ട് തുടങ്ങിയവ വഴിയുള്ള കടമെടുപ്പാണ് ഇൗ വെട്ടിക്കുറയ്ക്കലിനു കാരണമെന്നാണു സൂചന. കേന്ദ്ര സർക്കാരിന്റെ അറിയിപ്പിൽ കാരണം എന്താണെന്നു വ്യക്തമാക്കിയിട്ടില്ലെന്നു ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വരുമാനത്തിലെ ഏറ്റവും മുഖ്യ സ്രോതസ്സാണു കടമെടുപ്പ്. റിസർവ് ബാങ്ക് വഴി കേരളം ഇറക്കുന്ന കടപ്പത്രങ്ങൾ ലേലത്തിലൂടെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ ശരാശരി 7.5% പലിശയ്ക്കാണു വാങ്ങാറ്.
വീണ്ടും 1000 കോടിയുടെ ബോണ്ടിറക്കാൻ കിഫ്ബി
വീണ്ടും ബോണ്ടിറക്കി 1000 കോടി രൂപ സമാഹരിക്കാൻ കിഫ്ബി. പ്രകടനത്തിൽ മികച്ച റേറ്റിങ് ലഭിച്ചതിനാലാണ് എസ്ടിആർപിപി (മുതലും പലിശയും വേർതിരിച്ചു വിൽക്കുന്ന ബോണ്ടുകൾ) വഴി 1000 കോടി ശേഖരിക്കുന്നത്.