23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കല്ലേറിൽ വലഞ്ഞ് വന്ദേഭാരത്; ആറുമാസത്തിനിടെ മാറ്റിയത് 64 ഗ്ലാസുകൾ; ലക്ഷങ്ങളുടെ നഷ്ടം
Kerala

കല്ലേറിൽ വലഞ്ഞ് വന്ദേഭാരത്; ആറുമാസത്തിനിടെ മാറ്റിയത് 64 ഗ്ലാസുകൾ; ലക്ഷങ്ങളുടെ നഷ്ടം

ദക്ഷിനേന്ത്യയിലെ ആദ്യ വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസിന് കല്ലേറിനു മുന്നിൽ അടിപതറുന്നു. ചെന്നൈ–ബെംഗളൂരു–മൈസുരു ട്രെയിനു നേരെ മറ്റു ട്രെയിനുകൾക്കൊന്നും ഉണ്ടാകാത്ത വിധമാണ് കല്ലേറ്. വന്ദേഭാരതിനെ മാത്രം ഇങ്ങനെ തിരഞ്ഞുപിടിച്ചു കല്ലെറിയാനുള്ള കാരണം തേടി തലപുകയ്‌ക്കുകയാണു ദക്ഷിണ റെയിൽവേയും ദക്ഷിണ–പശ്‌ചിമ റെയിൽവേയും. 2022 നവംബർ 11നാണു ദക്ഷിണേന്ത്യയിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് റെയിൽവേ പുറത്തുവിട്ടത്. 

കല്ലേറിനെ തുടർന്ന് ഒറ്റ വന്ദേഭാരത് ട്രെയിനിന്റെ 64 ജനൽ ചില്ലുകളാണ് ഇതുവരെ മാറ്റിയിട്ടത്. വലിയ ജനൽ ചില്ലിന് 12,000 രൂപയാണു വില. മാറ്റിയിടാൻ കൂലിയായി 8000 രൂപയും വരും. ഇതുവച്ചു കണക്കുകൂട്ടിയാൽ തന്നെ കല്ലേറിനെ തുടർന്ന് റെയിൽവേയ്‌ക്കുണ്ടായ സാമ്പത്തിക ചെലവ് ലക്ഷങ്ങൾ കടക്കും. കർണാടകയിലാണ് ഏറ്റവും കൂടുതൽ ആക്രമണം. തമിഴ്‌നാട്ടിൽ ഏഴു സംഭവങ്ങളിലായി ഏഴു ജനൽ ചില്ലുകൾ ഉടച്ചുകളഞ്ഞു. ബാക്കി ആക്രമണങ്ങളെല്ലാം ഉണ്ടായതു കർണാടകയിലാണ്. ബെംഗളൂരു ഡിവിഷനു കീഴിൽ മാത്രം 26 ജനൽ ചില്ലുകളാണ് വിവിധ സമയങ്ങളിലുണ്ടായ കല്ലേറുകളിലൂടെ തകർന്നത്. രാമനഗരയ്‌ക്കും മണ്ഡ്യയ്‌ക്കും ഇടയിൽ വച്ചു 10 തവണ ആക്രമിക്കപ്പെട്ടു. 16 തവണ ബെംഗളൂരു കന്റോൺമെന്റിനും മേലൂരിനും ഇടയിലാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

വന്ദേഭാരതിനെ തിരഞ്ഞുപിടിച്ച് കല്ലെറിയുന്നു

ചെന്നൈ–മൈസുരു ശതാബ്ദി ട്രെയിൻ റൂട്ടിൽ സർവീസ് നടത്താൻ തുടങ്ങിയിട്ടു കാലമേറെയായി. വന്ദേഭാരതിനോട് അടുത്തു നിൽക്കുന്ന വേഗതയിൽ തന്നെയാണു ശതാബ്‍ദിയും ഈ റൂട്ടിൽ ഓടുന്നത്. ചെറിയ മിനിറ്റുകളുടെ വ്യത്യാസം മാത്രമേ രണ്ടു ട്രെയിനുകളും തമ്മിൽ മൈസുരുവിൽ നിന്നു ചെന്നൈയിൽ എത്താൻ എടുക്കുന്നുള്ളു. ശതാബ്ദി‌ക്കു നേരെ ഇതുവരെ കാര്യമായ ആക്രമണമുണ്ടായില്ല. ജനുവരി മുതൽ മേയ് വരെ രണ്ടു തവണയാണു കല്ലേറുണ്ടായത്. പക്ഷേ ഇതേ കാലയളവിൽ 20ൽ അധികം തവണ വന്ദേഭാരതിനു നേരെ കല്ലേറുണ്ടായി. ഇതിന്റെ കാരണത്തെ കുറിച്ച് അനുമാനങ്ങൾ മാത്രമേയുള്ളൂ. ശതാബ്ദിയേക്കാൾ എത്രയോ വലിയ ജനൽ ചില്ലുകളാണ് വന്ദേഭാരതിന്. ഇതായിരിക്കാം കല്ലേറു വിരുതൻമാർക്ക് വന്ദേഭാരതിനോട് ഇത്ര പ്രിയത്തിനു കാരണമെന്നാണ് ആർപിഎഫ് പറയുന്നത്.

കല്ലേറ് വിനോദം, ഏറെയും കുട്ടികൾ

ഇത്രയധികം കല്ലേറുണ്ടായിട്ടും വളരെ കുറച്ചു കേസുകളിൽ മാത്രമേ പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടുള്ളു. ട്രെയിനിനകത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് കല്ലേറുണ്ടായ സ്ഥലം കണ്ടെത്തിയാണു പ്രതികളിലേക്ക് എത്തുന്നത്. ഇങ്ങനെ പിടികൂടുന്നവരിൽ ബഹുഭൂരിപക്ഷവും കുട്ടികളാണ്. കൗതുകത്തിന് കല്ലെറിഞ്ഞെന്ന പതിവ് മറുപടിയാണ് പലപ്പോഴും ആർപിഎഫിന് ലഭിക്കുന്നത്. മേയ് 6നു ആരക്കോണത്ത് വച്ചു കല്ലെറിഞ്ഞയാളെ പിടികൂടിയപ്പോൾ ആർപിഎഫ് പകച്ചു. പത്തുവയസിനു താഴെയുള്ള കുട്ടിയായിരുന്നു കുറ്റവാളി.

ഒടുവിൽ മാതാപിതാക്കളെ വിളിച്ചുവരുത്തി കൗൺസിലിങ് നടത്തിയാണു കുട്ടിയെ വിട്ടയച്ചത്. രണ്ടു ജനൽ ചില്ലുകളാണ് അന്ന് കല്ലേറിൽ തകർന്നത്. പിടികൂടിയവരിൽ 10 മുതൽ 18 വയസ് വരെയുള്ളവരാണ് കുറ്റവാളികൾ അധികം പേരുമെന്നതിനാൽ കൂടുതൽ നടപടിയെടുക്കാനും പരിമിതിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർച്ചയായി ആക്രമണമുണ്ടാകുന്ന ഭാഗങ്ങളിൽ പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ് റെയിൽവേ. കുട്ടികുറ്റവാളികളാണ് മുന്നിലെന്നതിനാൽ റെയിൽവേ ട്രാക്ക് കടന്നുപോകുന്ന മേഖലകളിലെ സ്‌കൂളുകളിൽ കൗൺസിലിങ് ആരംഭിക്കുവാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. വേനലവധിക്കു ശേഷം സ്കൂൾ തുറക്കുമ്പോൾ ആയിരിക്കും കൗൺസിലിങ് തുടങ്ങുക.

Related posts

ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

Aswathi Kottiyoor

എ​യ്ഡ്സിന് വാ​ക്സി​നു​മാ​യി ശാ​സ്ത്ര​ജ്ഞ​ർ

Aswathi Kottiyoor

തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox