ഇരിട്ടി: വിദ്യാഭ്യാസ മേഖലയിൽ ചിലർക്ക് വാരിക്കോരി കൊടുക്കുമ്പോൾ പിന്നോക്ക സമുദായ വിഭാഗങ്ങൾക്ക് അത് ലഭിക്കുന്നില്ലെന്നും മേഖലയിൽ സാമൂഹ്യ നീതി നടപ്പാക്കണമെന്നും എസ് എൻ ഡി പി യോഗം ജനറൽ സിക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പടിയൂർ ശ്രീ നാരായണ യു പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യകൊണ്ട് പ്രബുദ്ധരാവണമെങ്കിൽ നമുക്ക് വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിക്കണം. അവിടെ പഠിക്കാനും പഠിപ്പിക്കാനും നമുക്ക് അവസരം ലഭിക്കണം. എന്നാൽ ചില സമുദായങ്ങൾക്ക് മാത്രമാണ് അതിനുള്ള അവസരം കൂടുതലായി ലഭിക്കുന്നത്. വിദ്യാഭ്യാസസ്ഥാപങ്ങൾ കൂടുതലായി ലഭിക്കാത്ത നമ്മെപ്പോലുള്ളവർക്കു വിദ്യാഭ്യാസ പുരോഗതി ലഭിക്കില്ലെന്നും പിന്നോക്ക സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് അവരെ സമൂഹത്തിൽ മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എം എൽ എ കെ .കെ. ശൈലജ ടീച്ചർ മുഖ്യാതിഥി ആയിരുന്നു. പ്രഥമാധ്യാപിക പി.ജി. സിന്ധു ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ഇരിക്കൂർ എ ഇ ഒ പി.കെ. ഗിരീഷ് മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. മിനി, യോഗം ഇരിട്ടി യൂണിയൻ സിക്രട്ടറി പി.എൻ. ബാബു, എം. ആർ. ഷാജി, കെ.വി. അജി, സിബി കാവനാൽ, കെ. അനിത, രാജീവൻ മാസ്റ്റർ, ലൂസി ശിവദാസ്, റീന ടീച്ചർ, സി. രജീഷ്, സിന്ധു സന്തോഷ്, കെ.കെ. സോമൻ, പി. ഷിനോജ്, പി.പി. ബാലൻ, പി.ഡി. അമ്പിളി, ഇ,വി. കുമാരൻ, അനൂപ് പനക്കൽ, അജേഷ് പടിയൂർ എന്നിവർ സംസാരിച്ചു.