പത്തനംതിട്ട∙ വഞ്ചനാക്കേസ് പ്രതി അരുണ്‍ ആറരലക്ഷം രൂപ തട്ടിയെടുത്തെന്ന് പത്തനംതിട്ട മലയാലപ്പുഴ വാസന്തീ മഠത്തിലെ മന്ത്രവാദിനി എന്നാരോപിക്കപ്പെട്ട ശോഭന. അനീഷിന്‍റെ ഭാര്യയേയും കുഞ്ഞിനേയും ഭാര്യാ മാതാവിനേയും പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്. പൊലീസിനും അത് ബോധ്യപ്പെട്ടു. താന്‍ മന്ത്രവാദിനിയല്ല പാട്ടുകാരിയാണെന്നും ശോഭന പറഞ്ഞു. മന്ത്രവാദം ചെയ്യുന്നതും അസഭ്യം വിളിക്കുന്നതുമായ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ശോഭന പറയുന്നു.
‘‘രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും പൂട്ടിയിട്ടു എന്ന ആരോപണം വ്യാജമാണ്. അവർ വീടില്ലെന്ന് പറഞ്ഞപ്പോൾ അവർക്ക് അഭയം കൊടുത്തതാണ്. അഞ്ച് മാസം അവർ അവിടെ താമസിച്ചു. ലോൺ തരാമെന്ന് പറഞ്ഞ് ആറരലക്ഷം രൂപ വാങ്ങി. പൈസ തിരികെ ചോദിച്ചിട്ടും തന്നില്ല. മലയാലപ്പുഴ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞു. തുടർന്നാണ് അവരെ പൂട്ടിയിട്ടെന്ന വ്യാജ ആരോപണമുണ്ടാകുന്നത്. ഇത് പൊലീസിന് ബോധ്യമായി. അതു കൊണ്ടാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. തന്നെ കുടുക്കിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്.
ഒരു കുടുംബക്ഷേത്രമുണ്ട്. അവിടെ കാളിദേവിയാണ് പ്രതിഷ്ഠ. തനിക്ക് കാളി ദേവിയുടെ ദർശനമുണ്ട്. അത് കൊണ്ട് ആളുകൾ ഇങ്ങോട്ട് തിരക്കി വരുന്നു. മന്ത്രവാദം പഠിച്ചിട്ടില്ല, അറിയില്ല. സംഗീതം മന്ത്രമാണ്. സംഗീതത്തിൽ നിന്നാണ് മന്ത്രം ഉണ്ടായത്. താൻ പാട്ടുകാരിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിവിധ പാർട്ടിക്കാർ വീട്ടിൽ വന്നിട്ടുണ്ട്. അവർ ജയിച്ചിട്ടുണ്ട്. ’’ – ശോഭന പറഞ്ഞു.