തിരുവനന്തപുരം ∙ സഹജീവികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്ന അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരിൽ പതിമൂന്നാമനായി ജെ.എസ്.രഞ്ജിത്. ഇന്നലെ പുലർച്ചെ കിൻഫ്ര പാർക്കിലെ കെഎംഎസ്‍സിഎൽ ഗോഡൗണിലെ തീപിടിത്തം അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടയിൽ കെട്ടിടം തകർന്നു വീണു മരിച്ച ചാക്ക അഗ്നിരക്ഷാ േസനാ യൂണിറ്റിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത് ഇനി ഫയർ ഫോഴ്സ് ആസ്ഥാനത്തെ ധീര സേനാംഗങ്ങളുടെ ഫലകത്തിൽ പതിമൂന്നാമത്തെ പേരാകും.
പത്തനംതിട്ട അഗ്നിരക്ഷാ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ ആർ.ആർ.ശരത് (30) വരെ പന്ത്രണ്ടു പേരാണ് ഇതിനു മുൻപ് ഡ്യൂട്ടിക്കിടയിൽ മരിച്ചത്. 2020 ഒക്ടോബർ 22 ന് പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു കാണാതായ ആൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിൽ റബർ ഡിങ്കി മറിഞ്ഞായിരുന്നു ശരത്തിന്റെ മരണം.
2013 സെപ്റ്റംബർ 20 ന് പമ്പ ത്രിവേണിയിൽ കുടുങ്ങിയ അയ്യപ്പന്മാരെ രക്ഷിക്കുന്നതിനു വടം കെട്ടുന്നതിനിടയിൽ ഒഴുക്കിൽപെട്ടു മരിച്ച സീതത്തോട് അഗ്നിരക്ഷാ നിലയത്തിലെ ഫയർമാൻ ആലപ്പുഴ കനാൽ വാർഡ് തൈപ്പറമ്പിൽ ചിത്തേന്ദ്രൻ, 2011 ഫെബ്രുവരി 23 ന് 11 കെവി ലൈനിൽ അറ്റകുറ്റപ്പണിക്കിടയിൽ തളർന്നു ലൈനിൽ വീണ ജീവനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മരിച്ച തൃശൂർ അഗ്നിരക്ഷാ നിലയത്തിലെ ഡ്രൈവർ അങ്കമാലി കിടങ്ങൂർ മഞ്ഞപ്ര പന്തപ്പിള്ളി വീട്ടിൽ പി. വിനോദ്‌കുമാർ, 2009 ഡിസംബർ 31 ന് കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2010 ജനുവരി 14 ന് മരിച്ച കായംകുളം ഫയർ ഫോഴ്സിലെ ഫയർമാൻ കായംകുളം കുറ്റിത്തെരുവ് വാളക്കോട് വീട്ടിൽ ഒ.ഷെമീർ, 2008 ജൂൺ 28 ന് രക്ഷാപ്രവർത്തനത്തിനു പോയ അഗ്നിരക്ഷാ സേനാ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ മരിച്ച തൊടുപുഴ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.കെ.ചാക്കോ എന്നിവരാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ ഡ്യൂട്ടിക്കിടയിൽ മരിച്ചത്.