ഗുജറാത്തില്‍ ചെന്നായ്ക്കളുടെ എണ്ണം കുറയുന്നു. ഗുജറാത്തില്‍ ഇത്തരത്തിലെ ആദ്യത്തെ സെന്‍സസ് മേയ് എട്ടിന് നടന്നിരുന്നു. ഈ അംഗസംഖ്യാ നിര്‍ണയത്തില്‍ സംസ്ഥാനത്ത് 150 ചെന്നായ്ക്കളുടെ മാത്രം സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. ഗിര്‍ സങ്കേതത്തില്‍ 30 ചെന്നായ്ക്കള്‍, വെയിലാവഡാര്‍ സങ്കേതത്തില്‍ 30 ചെന്നായ്ക്കള്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍.ഗുജറാത്തിലെ ലിറ്റില്‍ റാന്‍ ഓഫ് കച്ച്, ഗ്രേറ്റര്‍ റാന്‍ ഓഫ് കച്ച് എന്നിവിടങ്ങളിലായി 2020-ല്‍ ഒരു ചെന്നായുടെ സാന്നിധ്യം മാത്രമാണ് സ്ഥികീകരിച്ചത്. 2018-19 കാലയളവില്‍ രാജ്യത്തെ ചെന്നായ്ക്കളുടെ എണ്ണം 3,100 ആയിരുന്നു. ഗുജറാത്തില്‍ ഇത് 494-ഉം. ചെന്നായ്ക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഗുജറാത്ത്.
772 എണ്ണവുമായി ഒന്നാം സ്ഥാനത്ത് മധ്യപ്രദേശും, രണ്ടാം സ്ഥാനത്ത് രാജസ്ഥാനുമായിരുന്നു (532). സൗരാഷ്ട്ര, കച്ച്, ഗുജറാത്തിന്റെ വടക്കന്‍ മേഖല എന്നിവിടങ്ങള്‍ ചെന്നായ്ക്കളുടെ പ്രധാന വാസസ്ഥലം കൂടിയാണ്. നഗരവത്കരണം, വനനശീകരണം പോലെയുള്ള കാരണങ്ങള്‍ എണ്ണം കുറയലിന് പിന്നിലുണ്ട്.രാജ്യത്തെ ചെന്നായ്ക്കളുടെ സംരക്ഷണത്തിന് യാദവേന്ദ്ര ജാല, റോബര്‍ട്ട് തുടങ്ങിയവര്‍ നടത്തിയ പഠനം പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണം, നിയമപരമായ സംരക്ഷണം, പൊതുജനാവബോധം, സംരക്ഷിത മേഖലകളില്‍ നിന്നും വേട്ടപ്പട്ടികളെ ഒഴിവാക്കുക തുടങ്ങിയ പ്രധാന മാര്‍ഗ നിര്‍ദേശങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്