23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഒറ്റമുറിയിൽ കാർഡ് ബോർഡിലും പ്ലാസ്റ്റിക് കവറുകളിലും പൊടിയും മാറാലയും പിടിച്ച് നോട്ടുകെട്ടുകൾ; ഞെട്ടി വിജിലൻസ്
Uncategorized

ഒറ്റമുറിയിൽ കാർഡ് ബോർഡിലും പ്ലാസ്റ്റിക് കവറുകളിലും പൊടിയും മാറാലയും പിടിച്ച് നോട്ടുകെട്ടുകൾ; ഞെട്ടി വിജിലൻസ്

പാലക്കാട്∙ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലൻസ് സംഘം അക്ഷരാർഥത്തിൽ ഞെട്ടി. ചെറിയ മുറിയുടെ പലയിടങ്ങളിലായി കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലും നിറയെ നോട്ടുകെട്ടുകൾ സൂക്ഷിച്ചുവച്ചിരിക്കുന്നു. ഇവ എണ്ണി തിട്ടപ്പെടുത്താൻ തന്നെ ഉദ്യോഗസ്ഥർ മണിക്കൂറുകളെടുത്തു. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണു പൂർത്തിയായത്.

പിടിയിലായ വി.സുരേഷ് കുമാർ, സുരേഷ് കുമാറിന്റെ ഒറ്റമുറി താമസസ്ഥലത്തുനിന്ന് കണ്ടെടുത്ത പണം
പല കവറുകളും പൊടിയും മാറാലയും പിടിച്ചാണ് ഇരുന്നിരുന്നതെന്നാണ് റിപ്പോർട്ട്. അത്രത്തോളം പഴക്കം നോട്ടുകൾക്ക് ഉണ്ട്. ആദ്യം ചോദ്യം ചെയ്തപ്പോൾ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാർ പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപയും കണ്ടെടുത്തു.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് സംഘം അറിയിച്ചത്. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന മാത്രമാണു പൂർത്തിയാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ പരിശോധന ഉണ്ടാകുമെന്നും വിജിലൻസ് സംഘം അറിയിക്കുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു. കണ്ടെടുത്തതെല്ലാം കൈക്കൂലി പണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ ആരുടെയെങ്കിലും ബെനാമിയാണോ സുരേഷ് എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ ഏതാണ്ട് 17 വർഷത്തോളമായി പാലക്കാട് മണ്ണാർകാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്തുവരികയായിരുന്നു. കേരളത്തിൽ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കൽനിന്നും പിടികൂടുന്ന വലിയ സംഖ്യയാണ് ഇതെന്നാണ് വിജിലൻസ് അറിയിക്കുന്നത്.

Related posts

ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും

Aswathi Kottiyoor

സ്കൂളുകൾക്കും കോളജുകൾക്കും അവധി, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; മഴയിൽ മുങ്ങി മുംബൈ

Aswathi Kottiyoor

കൊച്ചിയുടെ കായൽ കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര; ജലഗതാഗത വകുപ്പിന്‍റെ സോളാർ ബോട്ട് ‘ഇന്ദ്ര’ റെഡി

Aswathi Kottiyoor
WordPress Image Lightbox