വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ്. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് വിഷു ബമ്പര്‍ നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷവും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷവും ലഭിക്കും. ആകെ 49,46,12,000 രൂപയുടെ സമ്മാനങ്ങളുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില
ഇത്തവണ അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപയാണ് ലഭിക്കുന്നത്. 5000 രൂപയാണ് ആറാം സമ്മാനം. 2,000 രൂപ, 1,000 രൂപ,500 രൂപ എന്നിങ്ങനെയാണ് ഏഴ്, എട്ട്, ഒമ്പത് സമ്മാനങ്ങള്‍. പത്താം സമ്മാനമായി 300 രൂപയും ലഭിക്കും. VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് വിഷു ബംപര്‍ പുറത്തിറക്കിയിട്ടുള്ളത്. രണ്ടുമുതൽ അഞ്ചുവരെയുള്ള സമ്മാനങ്ങൾ എല്ലാ സീരീസിലും ലഭ്യമാകുമെന്ന സവിശേഷതയുഇ ഇത്തവണത്തെ വിഷു ബംപറിനുണ്ട്.
ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് വിഷു ബംപർ വിൽപ്പനയ്ക്ക് എത്തിയത്. വിൽപ്പന നടത്തുന്ന ഏജൻ്റുമാർക്ക് നൽകുന്ന കമ്മീഷനിൽത്തന്നെ മാറ്റങ്ങൾ ആരംഭിക്കുന്നുണ്ട്. വിഷു ബംപർ ഭാഗ്യക്കുറി വിൽക്കുന്ന ഏജൻ്റുമാർക്ക് ഓരോ ടിക്കറ്റിനും ഒരു രൂപവീതം അധികം നൽകാനാണ് ഭാഗ്യക്കുറി വകുപ്പ് തീരുമാനം എടുത്തത്. ഇപ്പോൾ കമ്മിഷനു പുറമേയാണ് ഒരു രൂപ അധിക കമ്മീഷൻ നൽകുന്നത്. സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് രണ്ടാംതവണയാണ് ഇത്തരത്തിൽ ആനുകൂല്യം നൽകുന്നത്. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനാണിത്.
കഴിഞ്ഞവർഷം 10 കോടിയായിരുന്നു ഒന്നാംസമ്മാനമായി നൽകിയത്. 54 ലക്ഷം ടിക്കറ്റുകളും വിറ്റു പോകുകയാണെങ്കിൽ സർക്കാർ ഖജനാവിലേക്ക് 162 കോടി രൂപയാണ് എത്തുക. ഇതിൽ 49.5 കോടി രൂപയാണ് സമ്മാന ഇനത്തിൽ നൽകേണ്ടത്. അതേസമയം അധിക കമ്മീഷനായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു രൂപ കൂടി ഇത്തവണ ഓരോ ടിക്കറ്റിനും അധികം നൽകേണ്ടി വന്നു.
………..