തിരുവനന്തപുരം∙ കൈക്കൂലി കേസിൽ 1.5 കോടി രൂപ കണ്ടെത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിന്റെ ഊരുട്ടമ്പലത്തെ വീടിന്റെ മുറ്റം പുല്ല് വളർന്ന നിലയിൽ. ഊരുട്ടമ്പലം ഗോവിന്ദമംഗലം കാണവിളയിലാണ് സുരേഷ് കുമാറിന്റെ വീട്.
ഇന്നലെ രാത്രി വിജിലൻസ് സംഘം പരിശോധനയ്ക്കെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സ്ഥിരമായി വൃത്തിയാക്കാത്തതിനാൽ മുറ്റത്ത് പുല്ല് വളർന്നിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽനിന്നാണ് വിജിലൻസിന് താക്കോൽ ലഭിച്ചത്.1500 ചതുരശ്ര അടിയിൽ താഴെയുള്ള സാധാരണ വീടാണ് സുരേഷ് കുമാറിന്റേത്. പത്തു വർഷമായി പണി നടക്കുന്നു. ചുമരുകൾ സിമന്റ് തേച്ച് വൈറ്റ് സിമന്റ് അടിച്ചിട്ടുണ്ട്. വാതിലുകളും ജനൽപാളികളും വച്ചിട്ടുണ്ട്. തറയുടെ പണിയും മറ്റ് അനുബന്ധ പണികളും ബാക്കിയാണ്. 20 വർഷം മുൻപാണ് സുരേഷ് കുമാറിന് സർക്കാർ ജോലി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. വല്ലപ്പോഴുമാണ് സുരേഷ് നാട്ടിലെത്തിയിരുന്നത്. വരുമ്പോൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. രണ്ടു ദിവസം താമസിച്ചശേഷം മടങ്ങിപോകുകയായിരുന്നു പതിവ്.
വർഷങ്ങൾക്ക് മുൻപ് പാലക്കാട് താമസമാക്കിയ സുരേഷ് അവിവാഹിതനാണ്. പാവപ്പെട്ട കുടുംബമാണ് സുരേഷിന്റേത്. അച്ഛൻ കർഷകനായിരുന്നു. മൂന്ന് സഹോദരങ്ങൾ മരിച്ചു. രണ്ട് സഹോദരങ്ങൾ അടുത്താണ് താമസം. നാട്ടിൽ മറ്റ് പരാതികളൊന്നും സുരേഷിനെതിരെ ഇല്ല. പാവപ്പെട്ട ആളാണെന്നും ആളുകളുമായി വലിയ രീതിയിൽ ഇടപഴകിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പണം ചെലവഴിക്കുന്നതിൽ പിശുക്ക് കാട്ടിയിരുന്നതായും അടുപ്പമുള്ളവർ പറയുന്നു.കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ വി.സുരേഷ് കുമാർ വിജിലൻസ് പിടിയിലാകുന്നത്. മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യൂ അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. മണ്ണാർക്കാട് താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ 35 ലക്ഷംരൂപ പണമായും 45 ലക്ഷംരൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും കണ്ടെടുത്തു.