കൊച്ചി∙ സഹോദരനിൽനിന്നു ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഏഴ് മാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. പെൺകുട്ടിയുടെ പിതാവാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. പെൺകുട്ടിയെ പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 32 ആഴ്ചയിലധികമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.
ഇരയായ പെൺകുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു െമഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. കുട്ടി ഗർഭിണിയായതു സ്വന്തം സഹോദരനിൽനിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ വലിയ സങ്കീർണതകൾ ഈ കേസിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.