25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • താങ്കളെക്കൊണ്ടു തോറ്റു, എന്തൊരു ജനപ്രീതിയാ’: മോദിയോട് ‘പരാതിപ്പെട്ട്’ ബൈഡനും ആൽബനീസും
Uncategorized

താങ്കളെക്കൊണ്ടു തോറ്റു, എന്തൊരു ജനപ്രീതിയാ’: മോദിയോട് ‘പരാതിപ്പെട്ട്’ ബൈഡനും ആൽബനീസും

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി സ്വന്തം രാജ്യത്ത് തങ്ങൾക്കു സൃഷ്ടിക്കുന്ന ‘തലവേദന’യെക്കുറിച്ച് മോദിയോടുതന്നെ ‘പരാതിപ്പെട്ട്’ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും. ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയപ്പോഴാണ്, മോദി സൃഷ്ടിക്കുന്ന ‘ബുദ്ധിമുട്ടു’കളെക്കുറിച്ച് ബൈഡനും ആൽബനീസും തമാശരൂപേണ പരാതി ഉയർത്തിയത്.

ഔദ്യോഗിക സന്ദർശനത്തിന് എത്തുന്ന അവസരങ്ങളിൽ, പ്രധാനമന്ത്രി മോദി പ്രസംഗിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ജനങ്ങളുടെ അപേക്ഷാപ്രവാഹമാണ് തങ്ങൾ നേരിടുന്നതെന്ന് ഇരുവരും അറിയിച്ചു. ജി7 ഉച്ചകോടിക്കു ശേഷം പാപുവ ന്യൂഗിനി സന്ദർശിക്കുന്ന മോദി, ചൊവ്വാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തുന്നുണ്ട്. അവിടെ ഓസ്ട്രേലിയൻ സിഇഒമാരുമായും പ്രമുഖ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തുന്ന മോദി, ഇന്ത്യൻ വംശജരുമായി സിഡ്നിയിലെ ഒരു ചടങ്ങിൽ സംവദിക്കും.

പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം യുഎസും സന്ദർശിക്കാനിരിക്കുകയാണ്. ഇതിനിടെയാണ്, മോദി പ്രസംഗിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ജനം ഇടിച്ചുകയറുകയാണെന്ന നേതാക്കളുടെ സാക്ഷ്യം. സിഡ്നിയിൽ ഇന്ത്യൻ വംശജരുമായ മോദി നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇപ്പോഴും ഒട്ടേറെ ആളുകളാണ് തന്റെ ഓഫിസിൽ ബന്ധപ്പെടുന്നതെന്ന് ആന്തണി ആൽബനീസ് വിശദീകരിച്ചു.

20,000 പേരെ ഉൾക്കൊള്ളാവുന്ന വേദിയിലെ പരിപാടിക്കുള്ള ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ഇപ്പോഴും ടിക്കറ്റിനായി ഒട്ടേറെപ്പേർ വിളിക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ, മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ 90,000 പേർ വരവേൽക്കാനെത്തിയ കാര്യം കൂടിക്കാഴ്ചയിൽ ആൽബനീസ് അനുസ്മരിച്ചതായും റിപ്പോർട്ടുണ്ട്.

മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങേണ്ട സ്ഥിതിയാണെന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. ‘‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാഷിങ്ടനിൽ അടുത്ത മാസം താങ്കൾക്കായി ഞാൻ അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തുള്ള എല്ലാവരും ആ വിരുന്നിൽ പങ്കെടുക്കണമെന്ന താൽപര്യത്തിലാണ്. ഇപ്പോൾത്തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. ഞാൻ തമാശ പറയുകയാണെന്ന് കരുതരുത്. എന്റെ ടീമംഗങ്ങളോടു ചോദിക്കൂ. ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത ആളുകൾ പോലും ടിക്കറ്റ് ആവശ്യപ്പെട്ട് എന്നെ വിളിക്കുന്നുണ്ട്. അതിൽ ചലച്ചിത്ര താരങ്ങളും ബന്ധുജനങ്ങളുമുണ്ട്. താങ്കൾ അത്രമാത്രം ജനപ്രിയനാണ്’ – ബൈഡൻ പറഞ്ഞതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.‘‘മിസ്റ്റർ പ്രൈം മിനിസ്റ്റർ, എല്ലാ മേഖലയിലും താങ്കൾ ശ്രദ്ധേയമായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ക്വാഡിനു വേണ്ടിയുള്ള സേവനങ്ങളും അക്കൂട്ടത്തിലുണ്ട്. കാലാവസ്ഥാ രംഗത്തും നിർണായക സംഭാവനകൾ നൽകുന്നു. ഇന്തോ – പസിഫിക് മേഖലയിലും സ്വാധീനം ചെലുത്തുന്നു. വലിയ വ്യത്യാസമാണ് താങ്കൾ സൃഷ്ടിക്കുന്നത്’’ – ബൈഡൻ ചൂണ്ടിക്കാട്ടി.

അതിനിടെ, ഇന്തോ– പസിഫിക് മേഖലയിൽ സമാധാനവും പരമാധികാരവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു ക്വാഡ് രാഷ്ട്രനേതാക്കൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരാണു ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയത്.

Related posts

മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി

Aswathi Kottiyoor

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്

Aswathi Kottiyoor

സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിയ്ക്കാനിറങ്ങി, യുവാവിനെ കാണാതായി; മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox