23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പിണറായി സർക്കാർ 2.0; വിവാദങ്ങളുടെ ഫ്രെയിമിൽ മൂന്നാം വർഷത്തിലേക്ക്
Kerala

പിണറായി സർക്കാർ 2.0; വിവാദങ്ങളുടെ ഫ്രെയിമിൽ മൂന്നാം വർഷത്തിലേക്ക്

തുടർഭരണത്തിൽ പിണറായി സർക്കാർ 2 വർഷം പിന്നിടുമ്പോൾ റോഡ് ക്യാമറ മാത്രമല്ല, വിവാദങ്ങളുടെ ഫ്രെയിമുകൾ പലതുണ്ട്. ഒന്നാം സർക്കാരിൽ സ്വർണക്കടത്ത് ഒഴിച്ചു നിർത്തിയാൽ മന്ത്രിമാരുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു അധികവുമെങ്കിൽ, സർക്കാരാകെ വിമർശനമേറ്റുവാങ്ങിയ സംഭവങ്ങളായിരുന്നു കഴിഞ്ഞ 2 വർഷം. ജനകീയ സമരങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാട് ഏറെ വിമർശനവിധേയമായി. 

സ്വപ്ന പദ്ധതിയായി സർക്കാർ അവതരിപ്പിച്ച സിൽവർ ലൈൻ വേഗറെയിലിലാണ് ആദ്യം വിവാദത്തിന്റെ സൈറൺ മുഴങ്ങിയത്. പ്രാദേശിക സമരങ്ങൾ പ്രതിപക്ഷം ഏറ്റെടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും കേന്ദ്രസർക്കാർ കൂടി കൈവിട്ടതോടെ പിൻവാങ്ങേണ്ടിവന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ആശങ്ക തീരദേശവാസികൾ പ്രകടിപ്പിച്ചപ്പോൾ ആദ്യം അവഗണിക്കുകയാണു ചെയ്തത്. പദ്ധതി തടസ്സപ്പെടുത്തി 110 ദിവസം നീണ്ട സമരമായിരുന്നു ഇതിനു നൽകേണ്ടിവന്ന വില. 

ഒന്നരവർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം പൂ‍ർത്തിയാകാത്ത മുട്ടിൽ മരംമുറിക്കേസിൽ സർക്കാർ നിലപാട് സംശയകരമെന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ ഉന്നമിട്ടു നടത്തിയ വെളിപ്പെടുത്തലുകളുടെ അലയൊലി അടങ്ങിയിട്ടുമില്ല. കരുവന്നൂർ ബാങ്കിലെ വായ്പാത്തട്ടിപ്പിൽ സിപിഎം നേതൃത്വത്തിനൊപ്പം സർക്കാരും പഴികേട്ടു. കെഎസ്ആർടിസിയിലും കെഎസ്ഇബിയിലുമുണ്ടായ മാനേജ്മെന്റ്–തൊഴിലാളി തർക്കം ഭരണപരമായ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെട്ടു. കെഎസ്ആർടിസിയിൽ ശമ്പളത്തിന്റെ അനിശ്ചിതാവസ്ഥ നീങ്ങിയിട്ടുമില്ല. വാഗ്ദാനം ചെയ്യപ്പെട്ട ജോലി കിട്ടാൻ കായികതാരങ്ങൾ തലമുണ്ഡനം ചെയ്തു പ്രതിഷേധിക്കേണ്ടിവന്നതു നാണക്കേടിന്റെ അധ്യായമായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായമുയർത്തിയെങ്കിലും പ്രതിഷേധം മൂലം ‘യു ടേൺ’ അടിക്കേണ്ടിവന്നു.


ഭരണഘടനാ പ്രസംഗവിവാദത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയും മടങ്ങിവരവും ഇതിനിടയിലുണ്ടായി.  വ്യവസായ വകുപ്പ് നേട്ടമായി അവതരിപ്പിച്ച ‘ഒരുലക്ഷം സംരംഭം പദ്ധതി’യിൽ കള്ളനാണയങ്ങളുമുണ്ടെന്ന കണ്ടെത്തൽ തിരിച്ചടിയായി. ബഫർസോൺ സർവേയിലെ അപാകതയിൽ രോഷമേറ്റുവാങ്ങി. 

കണ്ണൂർ വിസിയുടെ രണ്ടാം ടേം നിയമനത്തിൽ ഗവർണറുമായി തുടങ്ങിയ ഉടക്ക് പലപ്പോഴും പരിധിവിട്ടു. വിസിമാർ കൂട്ടത്തോടെ പുറത്താക്കപ്പെടുന്ന സാഹചര്യത്തിലുമെത്തി. ദുരിതാശ്വാസനിധിക്കേസിലെ ലോകായുക്ത നടപടികളും ലോകായുക്തയുടെ ചിറകരിയാൻ കൊണ്ടുവന്ന ബില്ലും പ്രതിപക്ഷത്തിന് ആയുധം നൽകി. കടബാധ്യതയുടെ പേരിൽ ജനം ‘മുണ്ടുമുറുക്കിയുടുക്കേണ്ടി’ വന്നപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകൾ ധൂർത്തായി വ്യാഖ്യാനിക്കപ്പെട്ടു. 

വിവാദങ്ങൾ ആഘോഷത്തിന്റെ മാറ്റു കുറയ്ക്കുമെന്നു പ്രതിപക്ഷം പറയുമ്പോൾ, ‘എത്ര കണ്ടതാ’ എന്ന മട്ടിൽ മൂന്നാം വർഷത്തിലേക്കു കടക്കുകയാണു സർക്കാർ. 

വികസനത്തിൽ സർവതലസ്പർശം

തിരുവനന്തപുരം ∙ സാമൂഹികക്ഷേമരംഗത്തു ഗുണപരമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞെങ്കിലും സിൽവർ ലൈൻ, കെ ഫോൺ, കോവളം–ബേക്കൽ ജലപാത, ദേശീയപാത, ശബരിമല വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വൻപദ്ധതികൾ ഇനിയും യാഥാർഥ്യമായിട്ടില്ല. സിൽവർ ലൈനിൽനിന്നു പിൻമാറേണ്ടിവന്നു. കെ ഫോൺ ഇനിയും യഥാർഥ്യമായില്ല. കോവളം–ബേക്കൽ ജലപാത സ്ഥലമെടുപ്പിൽ തട്ടി കിതയ്ക്കുന്നു. ശബരിമല വിമാനത്താവളത്തിനു കടമ്പകൾ ബാക്കിയുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പ്രതീക്ഷിച്ച വേഗം കൈവന്നില്ല. എന്നാൽ, ദേശീയപാതാ വികസനത്തിൽ കേരളം കുതിക്കുന്നു. മലയോര ഹൈവേയിലും തീരദേശ ഹൈവേയിലും ചെറുതല്ലാത്ത കുതിപ്പുണ്ട്. 1136.83 കോടി ചെലവിൽ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ടം യാഥാർഥ്യമാക്കാനായി.

സുസ്ഥിരവികസന റാങ്കിൽ സ്ഥിരത

പ്രളയവും കോവിഡും ഏൽപിച്ച പ്രഹരത്തിനിടയിലും നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്താനായതു നേട്ടമാണ്. കടം പെരുകുമ്പോഴും തനതുനികുതി വരുമാനത്തിന്റെ വാ‍ർഷിക വളർച്ചാനിരക്ക് 2021–22 ൽ 22.43 ശതമാനത്തിലെത്തിക്കാൻ കഴിഞ്ഞു. സ്വകാര്യവൽക്കരണത്തിന്റെ പാതയിലായിരുന്ന വെള്ളൂരിലെ എച്ച്എൻഎൽ, കാസർകോട്ടെ ഭാരത് ഹെവി ഇലക്ട്രോണിക്സ് എന്നിവ ഏറ്റെടുക്കുക മാത്രമല്ല വളർച്ചയിലെത്തിക്കാനുമായി. വെള്ളൂരിൽ കേരള റബർ ലിമിറ്റഡും ചേർത്തലയിൽ മെഗാ സീ ഫുഡ് പാർക്കും തുടങ്ങി. സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷത്തിലധികം പുതിയ ചെറുകിട സംരംഭങ്ങൾ വന്നു. 

ഐടി മേഖലയിൽ മു‍ൻപില്ലാത്ത മുന്നേറ്റമുണ്ടായി. കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്കുകൾ പ്രാരംഭഘട്ടത്തിലാണ്. ഇന്നവേഷൻ ക്ലസ്റ്ററുകൾ, എഐ ഹബ്, ഗ്രഫീൻ ഇന്നവേഷൻ ഹബ്, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങി നവീന സംരംഭങ്ങൾക്കു തുടക്കമിട്ടു. സ്റ്റാർട്ടപ്പ് മേഖലയിൽ 4127 സംരംഭങ്ങൾ വഴി 42,000 തൊഴിലവസരങ്ങളുണ്ടായി. ടൂറിസം മേഖലയിൽ കാരവൻ ടൂറിസം പുതിയ ഉൽപന്നമായി അവതരിപ്പിക്കുകയും ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ റിക്കോർഡ് ഇടുകയും ചെയ്തു. 

സാമൂഹികക്ഷേമത്തിന് ഊന്നൽ

അരലക്ഷത്തോളം പേർക്ക് പിഎസ്‍സി വഴി നിയമന ശുപാർശ നൽകി. നോളജ് ഇക്കോണമി മിഷൻ വഴി സ്വകാര്യമേഖലയുമായി ഉദ്യോഗാർഥികളെ ബന്ധിപ്പിച്ചു തൊഴിൽ നൽകാനും ശ്രമിക്കുന്നു. ലൈഫ് മിഷൻ വഴിയും പുനർഗേഹം വഴിയും നടപ്പാക്കുന്ന പുനരധിവാസ പദ്ധതികൾ കയ്യടി നേടി.  സംസ്ഥാനത്തെ 160 ആശുപത്രികൾക്ക് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരം കരസ്ഥമാക്കാനായി. ഡിജിറ്റൽ റീസർവേ ദൗത്യം തുടങ്ങിവച്ചു. മാസം 750 കോടിയിലധികം രൂപ വേണ്ടിവരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ മുടക്കമില്ലാതെ തുടരാനായി.

Related posts

അതിവേ​ഗം കാഷ്യു കോര്‍പറേഷനും കാപെക്സും ; പാക്കറ്റുകളിലാക്കിയ കശുവണ്ടിപ്പരിപ്പ് ഇന്നുമുതൽ ​ഗോഡൗണുകളിലേക്ക്

Aswathi Kottiyoor

വാതിൽപ്പടി സേവനം ജനപങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജിതമാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

21വ​രെ മി​ന്ന​ലി​നു സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox