22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആരോഗ്യ ശാസ്‌ത്ര സർവകലാശാല കുതിക്കുന്നൂ 50 വർഷം മുന്നിലേക്ക്‌
Kerala

ആരോഗ്യ ശാസ്‌ത്ര സർവകലാശാല കുതിക്കുന്നൂ 50 വർഷം മുന്നിലേക്ക്‌

അഞ്ചുപതിറ്റാണ്ടിനുശേഷം എങ്ങനെയാകും ആരോഗ്യ മേഖല, അത്‌ മുന്നിൽക്കണ്ടുള്ള വികസനത്തിനാണ്‌ തൃശൂർ ആസ്ഥാനമായ കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല തയ്യാറെടുക്കുന്നത്‌. വിജ്ഞാൻ ഭവൻ, പരീക്ഷാഭവൻ ഉൾപ്പെടെ 1.08 ലക്ഷം ചതുരശ്ര അടിയിൽ പുതിയതായി നിർമിച്ച കെട്ടിട സമുച്ചയം പ്രവർത്തന സജ്ജമായിക്കഴിഞ്ഞു.

ആരോഗ്യ സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്‌ തൊട്ടടുത്തുതന്നെയാണ്‌ ഈ അഞ്ചുനിലക്കെട്ടിടം പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നത്‌.ആരോഗ്യ സർവകലാശാലയ്‌ക്ക്‌ കീഴിലെ കോളേജുകളിലെ 17,000ത്തോളം വരുന്ന അധ്യാപകർക്ക്‌ ചികിത്സാരംഗത്തെ ആധുനിക കോഴ്‌സുകളിലുള്ള പരിശീലനം വരുംദിവസം മുതൽ ഈ കേന്ദ്രത്തിൽനിന്ന്‌ നൽകും. സർവകലാശാലയിലെ പരീക്ഷാസംബന്ധമായ പ്രവർത്തനങ്ങൾ എല്ലാം പുതിയ പരീക്ഷാഭവനിൽ ഏകോപിപ്പിക്കും. മൂല്യനിർണയത്തിന്‌ എത്തുന്ന അധ്യാപകർക്ക്‌ താമസിക്കാനുള്ള 16 മുറികളും കെട്ടിട സമുച്ചയത്തിലുണ്ട്‌. സർവകലാശാലയുടെ തനത്‌ ഫണ്ടായ 45 കോടി രൂപ ചെലവഴിച്ചാണ്‌ മൂന്നുവർഷം കൊണ്ട്‌ സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച അക്കാദമിക്കായി സമുച്ചയം നിർമിച്ചത്‌.

വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ സർവകലാശാലയുടെ സ്‌കൂളുകളുടെ സെന്ററുകളും ഇവിടെ പ്രവർത്തിക്കും. സമീപകാലത്തുതന്നെ ആരോഗ്യമേഖലയിലെ മികവാർന്ന കോഴ്‌സുകൾ ആരംഭിക്കാനും പദ്ധതി ഒരുങ്ങുന്നുണ്ട്‌.

സർവകലാശാല ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ്‌ നിർമാണം പൂർത്തീകരിച്ചു. രണ്ടു ബ്ലോക്കുകളിലായുള്ള 12 ക്വാർട്ടേഴ്‌സുകൾ 4.23 കോടി രൂപ ചെലവഴിച്ചാണ്‌ നിർമിച്ചത്‌. കടുത്ത വരൾച്ചയിലും ജല ലഭ്യത ഉറപ്പാക്കുന്ന സംവിധാനവും ആരോഗ്യ സർവകലാശാലാ അങ്കണത്തിൽ ഒരുങ്ങിയിട്ടുണ്ട്‌. രണ്ടു കോടി ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന മഴവെള്ള സംഭരണി 2.08 കോടി രൂപ ചെലവിട്ടാണ്‌ നിർമിച്ചത്‌.

ആശ്രയമായി ആയുഷും
ആയുഷ് മേഖലയുടെ വികസനത്തിന് സംസ്ഥാനം അനുവദിച്ചത്‌ 97.77 കോടി രൂപ. മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടിവരും ഈ തുക. കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി മുഖേന 114 കോടി രൂപ നൽകി. ഈ പദ്ധതിയുടെ ആദ്യഘട്ടമായി ഗവേഷണ ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സെന്റർ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്‌. താൽക്കാലിക ഓഫീസിന്റെ പണിയും പൂർത്തീകരിച്ചു. 280 ആയുഷ് ഡിസ്‌പെൻസറിയെക്കൂടി ഹെൽത്ത് ആൻഡ്‌ വെൽനസ് സെന്ററാക്കി ഉയർത്താൻ കഴിഞ്ഞു. ഹോമിയോപ്പതിവകുപ്പിലെ സേവനം ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്‌ പുറത്തിറക്കി. ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴിലുള്ള 80 സ്ഥാപനത്തിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സിസ്റ്റം ആരംഭിച്ചു. ഇതിലൂടെ രോഗികൾക്ക് അവരുടെ വീട്ടിലിരുന്നുതന്നെ ഒപി ടിക്കറ്റ് എടുക്കാൻ സാധിക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ നടത്തിവന്നിരുന്ന ആയുർവേദ സാന്ത്വന ചികിത്സാ പദ്ധതിയായ സ്‌നേഹധാര മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചതും കഴിഞ്ഞ സാമ്പത്തിക വർഷം.ട്രാൻസ് ജെൻഡർ കമ്യൂണിറ്റികൾക്കിടയിലെ മാനസികപ്രശ്നങ്ങളിൽ ഇടപെടൽ നടത്താൻ “അനവദ്യ’ പദ്ധതി മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ഗവൺമെന്റ് ആയുർവേദ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഹൈജീനിൽ ആരംഭിച്ചു. സംസ്ഥാനത്ത് 850 ഹെക്ടറിൽ ഔഷധസസ്യക്കൃഷി വ്യാപിപ്പിക്കാൻ സാധിച്ചു. ഏകദേശം 460 കൃഷിക്കാർ ഇതിന്റെ ഗുണഭോക്താക്കളാണ്. 1.30 കോടി രൂപ സഹായമായി ഇതിനകം നൽകിക്കഴിഞ്ഞു.

Related posts

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന (വർക്കല താലൂക്ക് ) അ​ദാലത്ത് ജൂൺ 24 ന്

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ഹൈ​ഡ്ര​ജ​ൻ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങും: കേ​ന്ദ്ര​മ​ന്ത്രി

Aswathi Kottiyoor

വിപണി നേരിയ നേട്ടത്തില്‍: മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ മുന്നേറ്റം.*

Aswathi Kottiyoor
WordPress Image Lightbox