തിരുവനന്തപുരം∙ മൂന്നു നിലയങ്ങളിൽനിന്ന് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് ഒപ്പു വച്ച 4 ദീർഘകാല കരാറുകൾക്കു റഗുലേറ്ററി കമ്മിഷൻ അന്തിമാനുമതി നിഷേധിച്ചതു വൈദ്യുതി പ്രതിസന്ധിക്കു വഴിയൊരുക്കുന്ന സാഹചര്യത്തിൽ ബോർഡ് അപ്‍ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കും. ഈ ഉത്തരവു നടപ്പാക്കേണ്ടി വന്നാൽ സംസ്ഥാനത്തു ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ടെൻഡർ നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണു 4 കരാറുകൾക്കു കമ്മിഷൻ അന്തിമാനുമതി നിഷേധിച്ചത്. കരാറുകളിൽ നിന്നു ബോർഡ് പിൻമാറിയാൽ 1000 കോടിയോളം രൂപ ഉൽപാദക കമ്പനികൾക്കു നഷ്ടപരിഹാരം നൽകേണ്ടി വരും. പുതിയ ദീർഘകാല കരാറിനു ടെൻഡർ വിളിച്ചാൽ യൂണിറ്റിന് ശരാശരി 5.50 രൂപ എങ്കിലും നൽകേണ്ടി വരും. ഇതനുസരിച്ചു വർഷം കുറഞ്ഞതു 350 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണു സമീപകാലത്തു മറ്റു പലരും ഒപ്പു വച്ച ദീർഘകാല കരാറുകളിലെ വില സൂചിപ്പിക്കുന്നത്. 25 വർഷത്തെ കരാറിൽ 7 വർഷമേ ആയിട്ടുള്ളൂ. അടുത്ത 18 വർഷത്തെ നഷ്ടം ഏകദേശം 6300 കോടി രൂപ വരും.
നാലു കരാർ ഒപ്പു വച്ചതു മൂലം 800 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണു സർക്കാർ നിയോഗിച്ച സമിതി നേരത്തെ കണ്ടെത്തിയത്. ഇപ്പോഴത്തെ വൈദ്യുതി ബോർഡ് ചെയർമാൻ വന്ന ശേഷം ഈ കണക്കു ശരിയല്ലെന്നു സർക്കാരിനെ അറിയിച്ചിരുന്നു. 800 കോടി നഷ്ടം വരുത്തിയതായി സമിതി കണ്ടെത്തിയ കരാറുകൾ റദ്ദു ചെയ്താൽ അടുത്ത 18 വർഷം കൊണ്ട് ഉണ്ടാവുക 7300 കോടി രൂപയുടെ നഷ്ടമായിരിക്കും എന്ന വൈരുധ്യമാണ് ഇപ്പോൾ ബോർഡും സർക്കാരും നേരിടുന്നത്.
ഈ കരാർ അനുസരിച്ച് ഇപ്പോഴും ബോർഡ് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിൽ 350 മെഗാവാട്ടിനു യൂണിറ്റിന് 4.29 രൂപയും 115 മെഗാവാട്ടിനു 4.15 രൂപയുമാണ് വില. ഇപ്പോൾ ദീർഘകാല കരാറിനു പോയാൽ ശരാശരി 5.50 രൂപ നൽകേണ്ടി വരും. ഹ്രസ്വകാല കരാർ അനുസരിച്ച് 8.50 രൂപയാണു മാർക്കറ്റിലെ വില. ഉടനടി വൈദ്യുതി ലഭിക്കണമെങ്കിൽ 9.50 മുതൽ 12 രൂപ വരെ നൽകണം.വേനൽക്കാലത്തെ അധിക ആവശ്യം നേരിടുന്നതിനായി 50 മെഗാവാട്ട് വൈദ്യുതി 9.25 രൂപയ്ക്കു വാങ്ങാൻ അടുത്ത കാലത്തു ബോർഡ് തീരുമാനിച്ചിരുന്നു. 150 മെഗാവാട്ട് കൂടി വാങ്ങാൻ ശ്രമിച്ചെങ്കിലും 12 രൂപയാണ് ഉൽപാദകർ ചോദിച്ചത്.
വിപണിയിൽ നല്ല വിലയുള്ള സാഹചര്യത്തിൽ കമ്മിഷൻ ഉത്തരവ് ചൂണ്ടിക്കാട്ടി വൈദ്യുതി ഉൽപാദകർ ഈ കരാറുകളിൽ നിന്നു പിൻമാറിയാൽ പ്രശ്നമാകും. വിപണിയിൽ വൈദ്യുതി വില കൂടി നിൽക്കുന്നതിനാൽ അവർക്കു മറ്റാർക്കെങ്കിലും വിറ്റ് അധിക ലാഭം നേടാം.