21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍; കര്‍ണാടകയില്‍ നിന്ന് വന്യമൃഗങ്ങളുടെ പലായനം
Kerala

പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍; കര്‍ണാടകയില്‍ നിന്ന് വന്യമൃഗങ്ങളുടെ പലായനം

വയനാടന്‍ അതിര്‍ത്തികളില്‍ വേനല്‍മഴ ഇടവിട്ടുപെയ്തതോടെ കാടുകള്‍ പച്ചപ്പണിഞ്ഞു. ഇതോടെ കര്‍ണാടകയിലെ കത്തുന്ന വേനലിന്റെ അതിരുകള്‍കടന്ന് വയനാട് വന്യജീവിസങ്കേതത്തിലേക്ക് വന്യമൃഗങ്ങളുടെ പലായനം തുടങ്ങി. പച്ചപ്പുകളും ചതുപ്പുകളും തേടിയാണ് മൃഗങ്ങളുടെ യാത്ര. വേനല്‍മഴ കുറഞ്ഞതുകൊണ്ടും കുടിവെള്ളവും തീറ്റയും തീരെ ലഭിക്കാതായതോടെയുമാണ് കേരള അതിര്‍ത്തികളിലേക്ക് കര്‍ണാടക വനത്തില്‍നിന്നുള്ള ആനത്താരകള്‍ സജീവമായത്.

ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവുംവലിയ വന്യജീവിസങ്കേതങ്ങളിലൊന്നായ രാജീവ് ഗാന്ധി ദേശീയപാര്‍ക്കിനോട് ചേര്‍ന്നുള്ള കാടുകളിലാണ് പതിവിലധികം വന്യജീവികള്‍ വേനല്‍ക്കാലത്തുമാത്രം തമ്പടിക്കുന്നത്. മഴലഭ്യത കുറഞ്ഞ കര്‍ണാടകവനത്തില്‍ അത്യുഷ്ണം രൂക്ഷമായതിനാല്‍ മാന്‍കൂട്ടങ്ങളടക്കമുള്ള വന്യമൃഗങ്ങളെ കാണാനേയില്ല. കാട്ടാനകളുടെ സ്ഥിരംതാവളമായിരുന്ന ഇവിടെനിന്ന് ഇവയെല്ലാം കൂട്ടത്തോടെ കുടിവെള്ളവും പച്ചപ്പുകളും തേടി അകന്നതായി ഗ്രാമീണര്‍ പറയുന്നു. ബെള്ള ആനസങ്കേതവും കടുത്തവരള്‍ച്ചയാല്‍ വലയുകയാണ്.

പുഴ വറ്റിവരണ്ടതിനാല്‍ ആകെയുള്ള കുഴല്‍ക്കിണറില്‍നിന്നാണ് താപ്പാനകളുടെ ദാഹമകറ്റുന്നത്. വന്യജീവിസങ്കേതത്തില്‍ കുളങ്ങള്‍ ധാരാളം നിര്‍മിച്ചെങ്കിലും ഇവയില്‍ ഒന്നില്‍പ്പോലും ആവശ്യത്തിന് വെള്ളമില്ലെന്നതാണ് അവസ്ഥ. കേരള അതിര്‍ത്തിയിലെ വയനാട് വന്യജീവിസങ്കേതത്തിലാണ് വേനല്‍ക്കാലത്ത് വന്യമൃഗങ്ങളുടെ അഭയകേന്ദ്രം.

സന്നാഹങ്ങളില്ലാതെ അതിര്‍ത്തിഗ്രാമങ്ങള്‍

വേനല്‍ തുടങ്ങിയതോടെ നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളാണ് വയനാട്ടിലെ വനസമീപഗ്രാമങ്ങളിലെ കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. ഒരുവര്‍ഷത്തെ സമ്പാദ്യമെല്ലാം ഒരുരാത്രികൊണ്ടുതന്നെ ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടങ്ങള്‍ കാടുകയറും. തിരുനെല്ലിമുതല്‍ നൂല്‍പ്പുഴവരെയും അവിടെനിന്ന് തമിഴ്നാട് അതിര്‍ത്തിവരെയും കാട്ടാനകളുടെ താണ്ഡവമാണ് മഴക്കാലത്തും വേനല്‍ക്കാലത്തുമെല്ലാം. കരിങ്കല്‍ഭിത്തി കെട്ടി വനാതിര്‍ത്തികള്‍ വേര്‍തിരിക്കുക, റെയില്‍ ഫെന്‍സിങ് തുടങ്ങി നിരവധി വന്യജീവിപ്രതിരോധ പദ്ധതികളുണ്ടെങ്കിലും ഇവയെല്ലാം വ്യാപിപ്പിക്കണമെങ്കില്‍ വന്‍ചെലവ് വരും.

ഇതിനൊന്നും ഒറ്റയടിക്ക് പണം കിട്ടണമെന്നില്ല. കിടങ്ങുനിര്‍മാണം വന്യജീവിശല്യം തടയുന്നതിന് ഫലപ്രദമല്ല. ഓരോ മഴക്കാലത്തും ഇടിഞ്ഞമരുന്ന കുഴികള്‍ മറികടന്നും ആനകളെത്തും. വന്യജീവി അക്രമങ്ങള്‍ക്ക് പരിഹാരംകാണുന്നതിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് വയനാടിനെ കടന്നുപോയത്. സൗരോര്‍ജ വൈദ്യുതി കമ്പിവേലി, കിടങ്ങുകള്‍ ജൈവപ്രതിരോധവേലി എന്നിവയായിരുന്നു പദ്ധതികള്‍. ഇതെല്ലാം തകര്‍ത്ത് വനൃമൃഗങ്ങള്‍ നാട്ടിലിറങ്ങി.

ജീവന്‍ വീണ്ടെടുത്ത് കബനിതീരം

വയനാട്ടില്‍ വൈകിയെങ്കിലും വേനല്‍മഴ ആവര്‍ത്തിച്ചുപെയ്തതോടെ കബനിയും ജീവന്‍വീണ്ടെടുത്തു തുടങ്ങി. ബീച്ചിനഹള്ളി അണക്കെട്ടിന്റെ ഭാഗമായ കാരാപ്പുഴയില്‍ ഈ വേനല്‍ക്കാലത്ത് വന്‍ ജലനിരപ്പ് താഴ്ന്നത്. മറുകര കടക്കാന്‍ ഒരുകിലോമീറ്ററോളം ബോട്ടിനെ ആശ്രയിച്ചിരുന്ന ഗ്രാമീണര്‍ക്ക് ഈ വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞതിനാല്‍ ബോട്ടുസര്‍വീസും നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.

Related posts

ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Aswathi Kottiyoor

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസ് 6 വർഷംകൊണ്ട് മൂന്നിരട്ടിയായി; പ്രതികൾ കൂടുതലും അടുപ്പക്കാർ.

Aswathi Kottiyoor

കൊളക്കാട്: സാന്‍തോം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2021 – 2022 അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും

WordPress Image Lightbox