25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കരുതലിന്റെ രണ്ടുവർഷം ; തലയുയർത്തി ഇൻഫോപാർക്ക്‌
Uncategorized

കരുതലിന്റെ രണ്ടുവർഷം ; തലയുയർത്തി ഇൻഫോപാർക്ക്‌

കേരളത്തിന്റെ ഐടി കുതിപ്പിന് കരുത്തേകി പുതിയ വികസനപദ്ധതികളുമായി ഇൻഫോപാർക്ക്. ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിലെ ജ്യോതിർമയ സമുച്ചയത്തിലെ ആറാംനില പൂർണമായും പ്രവർത്തനസജ്ജമായി. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 35,000 ചതുരശ്രയടിയിൽ ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പിന്റെ നേതൃത്വത്തിലാണ്‌ നിർമാണം പൂർത്തിയാക്കിയത്‌.

അഞ്ഞൂറുമുതൽ 9100 ചതുരശ്രയടിവരെയുള്ള ചെറുതും വലുതുമായ വ്യത്യസ്ത സീറ്റിങ് കപ്പാസിറ്റിയുള്ള (11 സീറ്റുമുതൽ 170 സീറ്റുവരെ) ഒമ്പതു പ്ലഗ് ആൻഡ് പ്ലേ ഓഫീസുകളാണ് (പൂർണസജ്ജ ഓഫീസുകൾ) ആറാംനിലയിൽ സജ്ജമാക്കിയത്. ഓരോ ഓഫീസിലും വർക് സ്റ്റേഷനുകൾ, പ്രത്യേക ക്യാബിനുകൾ, മീറ്റിങ്‌/ഡിസ്‌കഷൻ റൂമുകൾ എന്നിവയുമുണ്ട്‌. മികച്ച സൗകര്യങ്ങളോടെ കോൺഫറൻസ് റൂമും പാൻട്രിയും സജ്ജമാക്കി. വിവിധ ഓഫീസുകളിൽ നേരിട്ടുള്ള 550 തൊഴിലവസരങ്ങളും ഉണ്ടാകും. വിവിധ കമ്പനികൾ ഇവിടെ പ്രവർത്തനത്തിന്‌ ഒരുങ്ങിക്കഴിഞ്ഞു.

ജ്യോതിർമയ’ എന്ന പത്തുനില ഐടി സമുച്ചയത്തിൽ നിലവിൽ 48 കമ്പനികളിലായി 1900 ഐടി ജീവനക്കാർ ജോലി ചെയ്യുന്നു. അത്യാധുനിക രീതിയിലെ ഓഫീസുകൾ, കോൺഫറൻസ് റൂമുകൾ, ഓഡിറ്റോറിയം, ബാങ്ക്, എടിഎം, ഫുഡ് കോർട്ട്, മൾട്ടി ലെവൽ കാർ പാർക്കിങ്‌, ഇവി ചാർജിങ്‌ സ്റ്റേഷൻ, ഹെലി പാഡ് എന്നീ സൗകര്യങ്ങളോടെയാണ് സമുച്ചയം നിർമിച്ചത്.

തൊഴിലവസരങ്ങളും ഐടി കയറ്റുമതിയും വർധിപ്പിക്കാനും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാകർഷിക്കുന്നതരത്തിൽ കമ്പനികൾക്ക് വളരാനും ലക്ഷ്യമിട്ടാണ് ഇൻഫോപാർക്കിന്റെ പ്രവർത്തനമെന്ന്‌ ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു.

വരുന്നു, വർക് നിയർ ഹോം
എറണാകുളം സൗത്ത്‌ മെട്രോ സ്‌റ്റേഷനടുത്ത്‌ സിംഗപ്പൂർ മാതൃകയിൽ ഇൻഫോപാർക്ക്‌ ഒരുക്കുന്ന വർക് നിയർ ഹോം പദ്ധതിക്ക്‌ ഉടൻ ഭരണാനുമതിയാകും. എറണാകുളം സൗത്ത്‌ മെട്രോ സ്‌റ്റേഷനുസമീപത്തെ ആറുനിലക്കെട്ടിടത്തിലാണ്‌ പദ്ധതി ഒരുങ്ങുന്നത്‌. 26 കോടി രൂപ ചെലവിൽ 45,000 ചതുരശ്രയടിയിലാണ്‌ വർക് നിയർ ഹോം സൗകര്യങ്ങൾ ഒരുക്കുക. നാനൂറിലേറെപ്പേർക്ക്‌ ഇവിടെ ജോലി ചെയ്യാനാകും.

സോഫ്‌റ്റ്‌വെയർ 
കയറ്റുമതിയിലൂടെ 9186 കോടി
ഇൻഫോപാർക്കിൽ കഴിഞ്ഞ സാമ്പത്തികവർഷം സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ ലഭിച്ചത്‌ 9186 കോടി രൂപ. 15 ലക്ഷം ചതുരശ്രയടി ഐടി ഇടമാണ്‌ ഇൻഫോപാർക്കിൽ കമ്പനികൾക്കായി ഒരുങ്ങുന്നത്‌. നിലവിൽ 572 കമ്പനികളുണ്ട്‌. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം (2021 മെയ്‌മുതൽ 2022 സെപ്‌തംബർവരെ) 13,900 തൊഴിലവസരം അധികമായി സൃഷ്‌ടിച്ചു. 177 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു.

ഐടി മന്ദിരങ്ങൾക്കായി മൂന്നരലക്ഷം ചതുരശ്രയടി സ്ഥലം ഇൻഫോപാർക്കിൽ ഒരുക്കുന്നു. വൻ ഐടി കമ്പനികളും ഇവിടേക്ക്‌ പ്രവർത്തനം വ്യാപിപ്പിച്ചു. ഐബിഎം സോഫ്റ്റ്‌വെയർ ലാബ് 2022ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. എച്ച്‌സിഎൽ ടെക്‌ അടക്കമുള്ള ആഗോള ഐടി ഭീമൻമാരും ഇൻഫോപാർക്കിലെ നിക്ഷേപം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌.

Related posts

മത്തായിച്ചനെ അവസാനമായി കണ്ട് ഗോപാലകൃഷ്ണൻ’; കണ്ണുനിറഞ്ഞ് മുകേഷ്

Aswathi Kottiyoor

കോൺഗ്രസ് പ്ലീനറി യോഗത്തിൽ ഗാന്ധി കുടുംബം പ​​ങ്കെടുക്കില്ല

Aswathi Kottiyoor

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കോവളം കടൽത്തീരത്ത് കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ‌

Aswathi Kottiyoor
WordPress Image Lightbox