കോട്ടയം: ഗുരുതരമായ പരിക്കേറ്റ നിലയിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച തോമസ് തന്നെ വിളിക്കുന്നതെന്ന് ആശുപത്രിയിലെത്തിച്ച കൂട്ടുകാരന്‍ ജോസഫ്. രണ്ടുകാലും ഒടിഞ്ഞ നിലയിലായിരുന്നു. കുത്തേറ്റ് അനങ്ങനാവാതെ റബ്ബര്‍ തോട്ടത്തില്‍ കിടക്കുകയായിരുന്ന തോമസിനെ ബെഡ്ഷീറ്റിലെടുത്ത് വീട്ടിലെത്തിച്ചപ്പോഴാണ് വയറിന്റെ ഇടത് ഭാഗത്ത് കുത്തേറ്റ് ചോരയൊലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കുടലും മറ്റു ആന്തരികാവയവങ്ങളും പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു അപ്പോഴെന്നും ജോസഫ് പറഞ്ഞു.റബ്ബര്‍ തോട്ടത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോത്ത് ഇടിച്ചയുടനെ തോമസ് ജോസഫിനെ വിളിച്ചു. കവലയിലായിരുന്ന ജോസഫ് ഓടിയെത്തി.
കൂട്ടുകാരേയുംരണ്ട് ഓട്ടോക്കാരേയും കൂട്ടിയാണ് ജോസഫ് റബ്ബര്‍ തോട്ടത്തിലെത്തിയത്. വീടിന് തൊട്ടടുത്ത് തന്നെയാണ് റബ്ബര്‍ തോട്ടം. തോമസ് പരിക്കേറ്റ് കിടക്കുകയായിരുന്നു.
‘വീട്ടില്‍ നിന്ന് റോഡിലെത്തിച്ചു. ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞപ്പോള്‍ കുടിക്കാന്‍ വെള്ളം കൊടുത്തു. വണ്ടി കിട്ടാതെ വന്നപ്പോള്‍ അരക്കിലോമീറ്ററോളം ചുമന്ന് എന്റെ കടയില്‍ കൊണ്ടുവന്നു. 45 മിനിറ്റോളം വൈകിയാണ് ആംബുലന്‍സ് കിട്ടിയത്. ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞെങ്കിലും ഓക്‌സിജന്‍ നല്‍കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആംബുലന്‍സ് അല്ലാതെ മറ്റെന്തെങ്കിലും വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമോയെന്ന് ശ്രമിച്ചു. പക്ഷേ, പരിക്കുകള്‍ ഗുരുതരമായതിനാല്‍ ആംബുലന്‍സില്‍ തന്നെ കൊണ്ടുപോകാം എന്ന് തീരുമാനിക്കുകയായിരുന്നു’, ജോസഫ് പറഞ്ഞു.പാമ്പാടിയെത്തുന്നത് വരെ തോമസ് സംസാരിച്ചിരുന്നു. പിന്നീട് ബോധം പോയി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
കൂട്ടുകാരന്റെ വേര്‍പാടില്‍ തളര്‍ന്നു വീണ ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.