സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുളള ഗ്രന്ഥാലയങ്ങൾക്ക് സൗജന്യമായി ദിനപത്രം നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് യഥേഷ്ടാനുമതിയായി. ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റു ചെയ്‌ത ഗ്രന്ഥശാലകൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഫർണിച്ചർ, പുസ്‌തകങ്ങൾ, കംപ്യൂട്ടർ എന്നിവ നൽകുന്നുണ്ട്. ഈ പദ്ധതിയിൽ പത്രങ്ങൾകൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാർ യഥേഷ്ടാനുമതി നൽകി ഉത്തരവായത്.
വായനശാലകളുടെയും ഗ്രന്ഥശാലകളുടെയും നടത്തിപ്പും പ്രോത്സാഹനവും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. തദ്ദേശസ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതികൂടി കണക്കിലെടുത്ത് ഭരണസമിതിയുടെ അംഗീകാരത്തിന് വിധേയമായി പത്രം നൽകാം. സി ഗ്രേഡും അതിന് മുകളിലുമുള്ളവയ്‌ക്ക് മൂന്നും, സി ഗ്രേഡിൽ താഴെയുള്ളവയ്ക്ക് രണ്ടും പത്രം അനുവദിക്കാം. തനതുഫണ്ട് ഉപയോഗിച്ച്, വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തുകളും നഗരസഭകളും പദ്ധതി നടപ്പാക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തുകൾ ഇതിനുള്ള വിഹിതം ഗ്രാമപഞ്ചായത്തുകൾ മുഖേന നൽകണം. ഗ്രന്ഥശാലകൾക്ക് നിലവിൽ തദ്ദേശസ്ഥാപനങ്ങൾവഴി സൗജന്യമായി പത്രം നൽകുന്നുണ്ടെങ്കിലും സർക്കാർ നിർദേശമില്ലാത്തതിനാൽ ചില സ്ഥാപനങ്ങൾ ഇതിന് തയ്യാറാകാത്ത സ്ഥിതിയുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഗ്രന്ഥശാലകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പുസ്‌തകങ്ങൾ വാങ്ങിനൽകുന്നതിനും അനുമതിയായിട്ടുണ്ട്. ലൈബ്രറി കൗൺസിലിൽ അംഗീകാരമുള്ള ഗ്രന്ഥശാലകൾക്ക് ഫർണിച്ചർ, കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനും ജില്ലാ പഞ്ചായത്തുകൾക്കും അനുമതി നൽകി.