ഇരിട്ടി: ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുടുതൽ ചെറുകിട ജലവൈദ്യുത പദ്ധതികൾ തുടങ്ങി സ്വയംപര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സെക്ഷൻ ഓഫീസ് പരിധിയിലും വാതിൽപടി സേവന സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിന്റെ കാര്യക്ഷതമ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ് ഇബി സിവിൽ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എഞ്ചിനീയർ കെ.രാജീവ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് അഡ്വ. എം.വിനോദ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാറ്റയിൽ , ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കുഞ്ഞിക്കണ്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്. അമർജിത്ത്, ജി.ശിവരാമകൃഷ്ണൻ, ടോം മാത്യു, ബാബുരാജ് ഉളിക്കൽ, ആന്റണി മാസ്റ്റർ, അൽഫോൺസ് കളപ്പുരയ്ക്കൽ, എം.ഹുസൈൻകുട്ടി കെ എസ് ഇ ബി ഉത്തര മലബാർ ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ , ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ എ.എം. ജോസഫ് ഷാജി എന്നിവർ സംസാരിച്ചു.
ഉളിക്കൽ , പായം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി 10800-ൽ അധികം ഉപഭോക്താക്കളുള്ള വള്ളിത്തോട് സെക്ഷൻ ഓഫീസ് ഇതുവരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. വള്ളിത്തോട് സ്വദേശി റോയ് കല്ലറയ്ക്കൽ വള്ളിത്തോട് ടൗണിന് സമീപത്തായി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്താണ് സെക്ഷൻ ഓഫീസ് മന്ദിരം നിർമ്മിച്ചത്. 198 ചതുരശ്ര മീറ്റർ വരുന്ന കെട്ടിടം 66 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർത്തിയാക്കിയത്.
400 കെ.വി ലൈൻ ചീഫ് സെക്രട്ടറി വിളിച്ച യോഗം 29ന്
വയനാട്ടിൽ നിന്നും കാസർകോട്ടേക്ക് 400കെ.വി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് മലയോര മേഖലയിലെ ജനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനുമായി ചീഫ് സെക്രട്ടി വിളിച്ചുചേർത്ത ജില്ലാ കലക്ടർമാരുടേയും ബന്ധപ്പെട്ട പഞ്ചായത്ത് അധ്യക്ഷൻമാരുടേയും യോഗം 29ന് നടക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ലൈൻ കടന്നു പോകുന്ന മേഖലകളിൽ കർഷകർക്കും ഭൂഉടമകൾക്കും ഉണ്ടാകുന്ന പ്രയാസം സണ്ണിജോസഫ് എംഎൽഎ പലതവണ ശ്രദ്ധയിൽപ്പെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നതെന്ന് മന്ത്രി വള്ളിത്തോട് സെക്ഷൻ ഓഫീസ് ഉദ്ഘാടന പ്രസംഗത്തിനിടയിൽ പറഞ്ഞു. മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലകളിൽ കർഷകർ പ്രതിഷേധത്തിലാണ്.