പുതിയ അധ്യായന വർഷം എല്ലാ വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണം സ്ഥാപനമായ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് മെന്റലി ചലഞ്ച് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതീക്ഷ സംഗമം അറിയാം ഓട്ടിസം എന്നീ പരിപാടികളുടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്ക് എല്ലാവിധ സംരക്ഷണവും വിദ്യാലയങ്ങൾ ഒരുക്കണം. ഇതിനു വേണ്ടിയുള്ള അധ്യാപക പരിശീലനം നടക്കുകയാണ്.
ഇൻസുലിൻ എടുക്കേണ്ട വിദ്യാർത്ഥികൾക്കായി പ്രത്യേകം മുറി തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ ഒരു ബാധ്യയായി കാണാനല്ല സർക്കാർ ആഗ്രഹിക്കുന്നത്. അവർക്ക് എല്ലാ വിധ സംരക്ഷണവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്പെഷ്യൽ സ്‌കൂളുകൾ, ബഡ്സ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സ്‌ക്രീനിംഗ് നടത്തി, അതിൽ നിന്നും തെരഞ്ഞെടുത്ത 10 വ്യക്തികൾക്ക് അനുയോജ്യമായ ജോലി നൽകുക വഴി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ എത്തിക്കുക എന്നതാണ് സർക്കാർ പ്രതീക്ഷ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. എസ്.ഐ.എം.സിയുടെ പ്രയത്നത്തിൽ 14 ഓളം പേർക്കു ജോലി നൽകാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യക്തികൾക്ക് തൊഴിൽ നൽകുന്നതിന് സന്മനസ്സ് കാണിച്ച തൊഴിൽദാതാക്കളായ ഓരോരുത്തരേയും സർക്കാർ അഭിനന്ദിക്കുകയാണ്. ഇത്തരത്തിലുള്ള കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന് മറ്റ് തൊഴിൽ ദാതാക്കളും മുന്നോട്ടുവരുമെന്ന് ഈ അവസരത്തിൽ പ്രതീക്ഷിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കഴക്കൂട്ടത്തെ കിൻഫ്രാ പാർക്കിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് നടത്തുന്ന മാജിക് പ്ലാനറ്റ് പോലൊരു സ്ഥാപനം പാങ്ങപ്പാറയിൽ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ഒരു പ്രോജക്റ്റ് തയ്യാറാക്കാൻ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സർക്കാരിന്റെ കാലാവധി കഴിയു മുമ്പ് തന്നെ അത് യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേശിക്കാരായ കുട്ടികളുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ച് വരികയാണ്. ഈ സർക്കാരിന്റെ കാലാവധി തീരും മുമ്പ് ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രത്യേകം പദ്ധതി നടപ്പിലാക്കും. ഭിന്ന ശേഷിക്കാർക്ക് തൊഴിൽ നൽകിയ സ്ഥാപനങ്ങൾക്ക് മന്ത്രി ഉപഹാരം നൽകി. തൊഴിൽ നേടിയ വിദ്യാർഥികളെ ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരെ സ്വന്തം കാലിൽ നിർത്താൻ പ്രാപ്തരാക്കുക എന്നത് ഏറ്റവും വലിയ കാര്യമാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിന്റെ ഡയറക്ടർ ജെൻസി വർഗീസ് സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, കൗൺസിലർ പാളയം രാജൻ, ഡോ. സുപ്രിയ എ ആർ, ഷൈൻ മോൻ എം.കെ, ഡോ. സി രാമകൃഷ്ണൻ, ഡോ. ജയപ്രകാശ്, ഡി. ജേക്കബ്, സജിത എസ് പണിക്കർ, ജയ ആർ.എസ്, ശ്രീജിത്ത് പി. തുടങ്ങിയവർ പങ്കെടുത്തു.