നിലമ്പൂർ ∙ ‘നായയോ പൂച്ചയോ ഒക്കെ പ്രസവിക്കുന്നതു പോലെയാണ് ഇവിടെ ഗർഭിണികളെ കാണുന്നത്. മനുഷ്യനെന്നൊരു പരിഗണന തരണ്ടേ?’ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിൽ ഒറ്റക്കിടക്കയിൽ മൂന്നു ഗർഭിണികൾക്കൊപ്പം തിങ്ങിക്കൂടിയിരുന്നുകൊണ്ടു കാളികാവ് സ്വദേശിനി ചോദിച്ചു. പ്രസവ വാർഡിനു പുറത്തുള്ള കസേരകളിലും ഇടുങ്ങിയ വരാന്തയ്ക്ക് ഇരുവശവുമുള്ള തിണ്ടിലും ഗർഭിണികൾ ഇരിപ്പുണ്ട്. അവരുടെ കാൽച്ചുവട്ടിൽ, തിണ്ടിനടിയിലായി നായ്ക്കൾ കിടക്കുന്നു. നായ്ക്കൾക്കു ഗർഭിണികളെക്കാൾ പരിഗണന കിട്ടുന്നുവെന്ന് തോന്നിപ്പോകും. അവയ്ക്കു കിടക്കാനിടമുണ്ട്.
പ്രസവ വാർഡിൽ 14 ബെഡുകൾ. കഴിഞ്ഞ ദിവസം മാത്രം അവിടെ 35 ഗർഭിണികൾ. ഒപ്പം അവരുടെ കൂട്ടിരിപ്പുകാരും. ഇവർക്കെല്ലാവർക്കുമായി 3 ശുചിമുറികൾ. അവയിൽ ഒന്നിൽ മാത്രമാണ് യൂറോപ്യൻ ക്ലോസറ്റ്. ദുരിതം സഹിച്ചു മടുത്ത ചുങ്കത്തറ തളിയിങ്കൽ സിന്ധു സൂരജ് പ്രസവ വാർഡിൽനിന്നു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു– ‘ഇതു നരകമാണ്!’
ഡി ആൻഡ് സിക്കു ശേഷം തിരികെയെത്തിയ സിന്ധുവിനു കിടക്കാൻ സ്ഥലമുണ്ടായിരുന്നില്ല. ബെഡുകളിൽ നിറയെ ആളുകൾ. കട്ടിലുകളുടെ ചുവട്ടിൽ പായ വിരിച്ചും ആളുകൾ. നടക്കാനുള്ള വഴിയോടു ചേർന്നു നിലത്തു കിടക്കേണ്ടി വന്നു സിന്ധുവിന്. കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ വയ്യ. കടുത്ത നടുവേദനയും രക്തസ്രാവവും കൂട്ടിന്. ‘മാസമുറയ്ക്കുള്ള വേദന ആലോചിച്ചു നോക്കൂ. അതിന്റെ ഇരട്ടിവേദന സഹിച്ച് ഞാൻ നിലത്തുകിടന്നു’
ഗർഭിണികളിൽ ഒരാൾ പ്രസവത്തിനു പോയപ്പോൾ അവരുടെ സ്ഥലത്തു കിടക്കാൻ പറ്റി. ആ ബെഡിൽ തന്നെ മറ്റൊരു ഗർഭിണിയുമുണ്ട്. പ്രസവിക്കാൻ പോയ സ്ത്രീ കുഞ്ഞുമായി തിരിച്ചുവരുമ്പോൾ ബെഡ് ഒഴിഞ്ഞുകൊടുക്കണം.
പ്രസവ വാർഡിന്റെ അങ്ങേത്തലയ്ക്കലെ രണ്ടു കട്ടിലുകളിൽ 4 ഗർഭിണികൾ വീതമാണ്. നിലമ്പൂർ സ്വദേശിനി രണ്ടു കാലിലെയും നീര് കാണിച്ചു തന്നു. ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. കട്ടിൽ ഭിത്തിയിലേക്ക് അടുപ്പിച്ചിട്ട് നാലു ഗർഭിണികളും രാത്രി മുഴുവൻ ഇരുന്നു കഴിച്ചുകൂട്ടി. നീരു കലശലായപ്പോൾ മണിക്കൂറുകളോളം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒടുവിൽ, ബെഡിൽ കിടക്കാൻ ഭാഗ്യമുണ്ടായ ഒരു ഗർഭിണിയോടു കെഞ്ചി– ‘ഞാനൊരു 5 മിനിറ്റ് ഇവിടെ കിടന്നോട്ടേ?’ ഗർഭിണികൾ മാത്രമല്ല, പ്രസവത്തിനു ശേഷം 6 മണിക്കൂർ അമ്മമാരും നവജാത ശിശുക്കളും വീർപ്പുമുട്ടുന്ന ഈ അന്തരീക്ഷത്തിൽ തന്നെയാണ് കഴിഞ്ഞുകൂടുന്നത്.
‘ബെഡ് വേണമെന്നില്ല. ആ വരാന്തയിൽ പായ വിരിച്ചു കിടക്കാനുള്ള സ്ഥലമെങ്കിലും ഉണ്ടാക്കുമോ’– ഗർഭിണികളിലൊരാൾ ചോദിച്ചു. അതേ അധികൃതരേ, വരാന്തയിൽ നായ്ക്കൾക്കു കിട്ടുന്ന സൗകര്യം. അതെങ്കിലും തരുമോ?