സംസ്ഥാന സർക്കാർ ഏറ്റെടുത്തുനൽകിയ ഭൂമിയിൽ കാസർകോട്ട് പുതിയ ദേശീയപാത പറപറക്കും. കേരള കവാടമായ തലപ്പാടി–- ചെർക്കള ആദ്യ റീച്ചിലെ പണി പകുതിയോളം പൂർത്തിയായി. അടുത്തവർഷം മേയിൽ എട്ടുവരിപ്പാത തുറക്കും. ഊരാളുങ്കലാണ് നിർമാണം. മറ്റിടങ്ങളിൽ ദേശീയപാത പൂർണമായും കേന്ദ്രപദ്ധതിയാണ്. ഇതിൽനിന്ന് വ്യത്യസ്‌തമായി സംസ്ഥാന സർക്കാർ 25 ശതമാനം തുക നൽകിയാണ് കേരളത്തിൽ ഭൂമി ഏറ്റെടുത്തത്.
മധ്യത്തിൽ രണ്ടുഭാഗത്തേക്കും ആറുവരിയും അരികിൽ രണ്ടുഭാഗത്തും സർവീസ് റോഡും അടക്കമാണ് എട്ടുവരിപ്പാത. 50 വർഷത്തിനിപ്പുറത്തെ വികസനം മുന്നിൽക്കണ്ടുള്ള അതിവേഗപാതയാണ് ഇത്. സംസ്ഥാനത്ത് ആദ്യം പൂർത്തിയാകാൻ പോകുന്ന തലപ്പാടി –- ചെങ്കള റീച്ചിൽ 46 ശതമാനം പ്രവൃത്തി ഇതിനകം പൂർത്തിയായി. മെയ് അവസാനിക്കുമ്പോൾ ഇത് 50 ശതമാനമാകും. പ്രധാന റോഡായ ആറുവരിപ്പാതയുടെ വീതി 27 മീറ്ററാണ്.