ആലപ്പുഴ > പള്ളാത്തുരുത്തി ഭാഗത്ത് ഹൗസ്‌ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ മൂന്നെണ്ണത്തിന് സ്‌റ്റോപ്പ് മെമ്മോ നൽകി. അഞ്ച് ബോട്ടുടമകൾക്ക് പിഴയിട്ടു. ഒമ്പത് ബോട്ടുകളിലായിരുന്നു പരിശോധന. ആവശ്യമായ രേഖകളില്ലാത്തവയ്‌ക്കാണ് മെമ്മോ നൽകിയത്. ഇവ ആര്യാടുള്ള യാർഡിലേക്ക് മാറ്റാൻ ബോട്ടുടമകൾക്ക് നിർദേശം നൽകി. മറ്റ് ക്രമക്കേടുകൾ കണ്ട അഞ്ച് ബോട്ടുകളുടെ ഉടമകൾക്കാണ് പിഴയടയ്‌ക്കാൻ നോട്ടീസ് നൽകിയത്. അഞ്ച് ബോട്ടുകളിൽ ഡ്രൈവർമാർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.
ടൂറിസം പൊലീസും പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. ലൈസൻസുള്ള ജീവനക്കാർ, അഗ്നിരക്ഷാ ഉപകരണങ്ങൾ, മതിയായ ലൈഫ്‌ജാക്കറ്റ്, ലൈഫ്ബോയ അടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ, സർവീസ് നടത്താനുള്ള സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പോർട്ട് ഉദ്യോഗസ്ഥരായ അനിൽകുമാർ, ഷാബു എന്നിവരോടൊപ്പം ടൂറിസം പൊലീസിലെ എസ്‌ഐ ജയറാം, സിപിഒമാരായ ടി അജയകുമാർ, സുധീർ, എം ശാരിക, ആർ ജോഷിത് എന്നിവരും പങ്കെടുത്തു