കാഞ്ഞങ്ങാട്: ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സതീഷ് പോലീസ് സ്റ്റേഷനിലെത്തി ദേവികയെ കൊലപ്പെടുത്തിയെന്നറിയിച്ചത്. ജീവിക്കാനനുവദിക്കാത്തതിനാലാണ് കൃത്യം നിർവഹിച്ചതെന്ന് പറഞ്ഞ സതീഷ് മുറിയുടെ താക്കോലും പോലീസിന് കൈമാറി. ഉടൻ ഇൻസ്പെക്ടർ കെ.പി.ഷൈനും പോലീസുകാരും ലോഡ്ജിലെത്തി. നാലാം നിലയിലെ മുറി തുറന്നപ്പോൾ ദേവിക രക്തം വാർന്നൊഴുകിയ നിലയിൽ കിടക്കുന്നതാണ് കണ്ടത്.കാസർകോട് ‘മൈൻ’ ബ്യൂട്ടിപാർലർ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജൻസി നടത്തുന്ന സതീഷും ഒൻപത് വർഷത്തോളമായി പരിചിതരാണെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസത്തോളമായി സതീഷ് ലോഡ്ജിൽ താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോയി 11 മണിയോടെയാണ് ദേവികയുമായെത്തിയത്. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്.
ഉച്ചയ്ക്ക് 2.45-ഒാടെ സതീഷ് ഭാസ്കർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകി. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡ്ജിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്. സബ് കളക്ടർ സുഫിയാൻ അഹമ്മദ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും ഡോഗ് സ്ക്വാഡുമെത്തി. ഇൻക്വസ്റ്റിനുശേഷം മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.ഉദുമ കുണ്ടോളംപാറയിലെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക. സതീഷിന് ഭാര്യയും മക്കളുമുണ്ട്. ദേവികയ്ക്ക് ഭർത്താവും മക്കളുമുണ്ട്.
കൊലപാതകമറിഞ്ഞ് നടുങ്ങി നഗരംചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് കൊല നടന്ന വിവരം കാട്ടുതീ പോലെ പടർന്നത്. അറിഞ്ഞവരറിഞ്ഞവർ ലോഡ്ജിലേക്കോടി. നഗരമധ്യത്തിൽ യുവതിയെ കൊലപ്പെടുത്തിയെന്നത് ആർക്കും വിശ്വസിക്കാനായില്ല. ലോഡ്ജിന്റെ നാലാംനിലയിലെ വരാന്തയുടെ തുടക്കത്തിൽത്തന്നെ പോലീസ് റിബൺകെട്ടി ആളുകളെ തടഞ്ഞിരുന്നു. ആരാണ് കൊല്ലപ്പെട്ടതെന്ന് ചോദിച്ചും പറഞ്ഞും ആളുകൾ തിക്കിത്തിരക്കി. ഉദുമയിലെ ദേവികയാണ് കൊല്ലപ്പെട്ടതെന്നും കൊന്നത് ബോവിക്കാനത്തെ സതീഷാണെന്നുമുള്ള വിവരം വൈകാതെ പുറത്തുവന്നു. സാമൂഹികമാധ്യമങ്ങളിലും കൊലപാതക വാർത്ത നിറഞ്ഞു. രാത്രി വൈകിയും ആൾക്കൂട്ടം ലോഡ്ജ് മുറിയിൽ നിന്നൊഴിഞ്ഞില്ല.സതീഷ് ലോഡ്ജിൽ താമസം തുടങ്ങിയത് ഏപ്രിൽ ഒന്നുമുതൽ
ദേവികയെ കൊലപ്പെടുത്തിയ ലോഡ്ജിൽ ഒന്നരമാസമായി സതീഷ് താമസിക്കുന്നു. ഏപ്രിൽ ഒന്നിനാണ് മുറിയെടുത്തത്.
സെക്യൂരിറ്റി ഏജൻസി നടത്തുന്ന തനിക്ക് കാഞ്ഞങ്ങാട്ടെ ജോലി നിർവഹിക്കേണ്ടതിനാൽ വീട്ടിലേക്ക് പോകാനാകില്ലെന്നു പറഞ്ഞാണ് ഇയാൾ മുറിയെടുത്തത്. ദിവസവും 400 രൂപ കൊടുത്തായിരുന്നു താമസം. സ്ഥിരമായി താമസിക്കണമെന്നും അതിനാൽ മാസവാടക നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്ന് ലോഡ്ജുകാർ 4000 രൂപ വാടക നിശ്ചയിച്ച് നാലാംനിലയിലെ മുറി നൽകി. മേയ് മാസത്തെ വാടക തിങ്കളാഴ്ചയാണ് അടച്ചത്.നിത്യവും താമസിക്കുന്നയാൾ എന്ന നിലയിലുള്ള പരിചയവും അടുപ്പവുമുണ്ടായതിനാലാണ് ദേവികയെ ചൂണ്ടി ഭാര്യയാണെന്ന് പറഞ്ഞപ്പോൾ തങ്ങൾക്ക് തെല്ലും സംശയമില്ലാതിരുന്നതെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു.