ഷാജഹാൻപൂർ: 18 പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് യു.പി സ്കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കമ്പ്യൂട്ടർ അധ്യാപകനായ പ്രതിയെ പിന്തുണച്ചതിന് സ്‌കൂൾ പ്രിൻസിപ്പലിനും അസിസ്റ്റന്‍റ് ടീച്ചർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
മൂന്ന് പ്രതികൾക്കെതിരെയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഐപിസി, പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഷാജഹാൻപൂരിലെ തിൽഹാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാജഹാൻപൂർ സീനിയർ പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് എഎൻഐയോട് പറഞ്ഞു.നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടര്‍ അധ്യാപകന്‍ തന്നെയും മറ്റ് വിദ്യാർഥിനികളെയും അനുചിതമായി സ്പർശിക്കാറുണ്ടെന്ന് പെൺകുട്ടികളിലൊരാൾ മാതാപിതാക്കളോട് പറഞ്ഞിരുന്നു.തുടർന്ന് ഈ പെൺകുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ റെയ്ഡ് ചെയ്യുകയും സ്‌കൂളിലെ ടോയ്‌ലറ്റിൽ നിന്ന് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ കണ്ടെടുക്കുകയും ചെയ്തു.സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.പ്രിൻസിപ്പലിനെയും അസിസ്റ്റന്‍റ് ടീച്ചറെയും വിദ്യാഭ്യാസ വകുപ്പ് അധികൃതർ സസ്‌പെൻഡ് ചെയ്തു.”കമ്പ്യൂട്ടർ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിന് നടപടി തുടങ്ങിയിട്ടുണ്ട്, ഉടൻ പൂർത്തിയാകും ”ബേസിക് ശിക്ഷാ അധികാരി (ബിഎസ്‌എ) കുമാർ ഗൗരവ് പറഞ്ഞു