24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വഴിയോരകേന്ദ്രങ്ങൾക്കു ഭൂമി നൽകൽ: തുടക്കം മുതൽ എതിർത്ത് റവന്യുവകുപ്പ്
Kerala

വഴിയോരകേന്ദ്രങ്ങൾക്കു ഭൂമി നൽകൽ: തുടക്കം മുതൽ എതിർത്ത് റവന്യുവകുപ്പ്

വിദേശമലയാളികളുടെ നേതൃത്വത്തിൽ വഴിയോരവിശ്രമകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ദേശീയ– സംസ്ഥാന പാതയോരങ്ങളിൽ ഭൂമി വിട്ടുകൊടുക്കുന്നതിൽ റവന്യുവകുപ്പ് കടുത്ത എതിർപ്പു പ്രകടിപ്പിച്ചെന്നു രേഖകൾ വ്യക്തമാക്കുന്നു. വിശ്രമകേന്ദ്രം നടത്തി ഒരു പരിചയവും ഇല്ലാത്ത കമ്പനിക്ക് ഏക്കർ കണക്കിനു സർക്കാർഭൂമി വിട്ടുകൊടുക്കുന്നതിനെയും റവന്യുവകുപ്പിനെ ഇരുട്ടിൽ നിർത്തി പ്രവാസിവകുപ്പ് ഭൂമി കൈമാറാൻ ഉത്തരവ് ഇറക്കിയതിനെയുമാണു ശക്തമായി വിമർശിച്ചിരിക്കുന്നത്. നോർക്ക’യ്ക്കു കീഴിൽ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന് (ഓകിൽ) ഭൂമി നൽകിയതിന്റെ ഫയലുകളാണ് വിവരാവകാശനിയമപ്രകാരം പുറത്തു വന്നത്. ആദ്യം 26% സർക്കാർ പങ്കാളിത്തവും 74% വിദേശ മലയാളി പങ്കാളിത്തവുമായി സ്വകാര്യകമ്പനിയായി രൂപീകരിച്ച ‘ഓകിൽ’ കമ്പനിയിൽ 2019 ഒക്ടോബർ 30നാണ് 100% സർക്കാർ പങ്കാളിത്തം തീരുമാനിച്ചത്. വഴിയോരവിശ്രമകേന്ദ്രങ്ങളുടെ നടത്തിപ്പിനായി ‘റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഉപകമ്പനി രൂപീകരിക്കാനും ഇതിൽ 74% ഓഹരി വിദേശമലയാളികൾക്കു നൽകാനും തീരുമാനിച്ചു. വിവിധ ജില്ലകളിൽ ഭൂമി അനുവദിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ റവന്യുവകുപ്പിനെ ഉൾപ്പെടുത്തിയിരുന്നില്ല. വ്യവസായം, പൊതുമരാമത്ത്, നോർക്ക, ധന വകുപ്പുകളുടെ യോഗത്തിൽ ഭൂമി കൈമാറ്റനടപടികൾ സ്വീകരിച്ച് ആലപ്പുഴയിലെ സ്റ്റീൽ ഇൻഡസ്ട്രീസിന്റെ ഭൂമി ‘ഓകിലി’നു കൈമാറാൻ നോർക്ക വകുപ്പ് ഉത്തരവിറക്കി. ഈ ഉത്തരവ് റദ്ദാക്കണമെന്നു റവന്യുവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് പെട്രോളിയം പോലെ വൻകിട കമ്പനികൾ സമാനപദ്ധതി നടപ്പിലാക്കാൻ സമീപിച്ചപ്പോൾ അതൊന്നും പരിഗണിക്കാതെ, ‘ഓകിൽ’ കമ്പനിക്കു ഭൂമി അനുവദിക്കുന്നത് ഒട്ടും ഉചിതമല്ലെന്നു റവന്യുവകുപ്പ് ഫയലിൽ കുറിച്ചു. 

1000 കോടിയുടെ പദ്ധതി

ഭൂമി അന്യാധീനപ്പെടുത്താനോ പണയപ്പെടുത്താനോ പാടില്ലെന്ന കർശനമായ പാട്ടവ്യവസ്ഥകൾ ഉൾക്കൊള്ളിക്കണമെന്നു റവന്യുവകുപ്പ് ശുപാർശ ചെയ്തെങ്കിലും ഇതെല്ലാം ഒഴിവാക്കിയാണ് ‘ഓകിലി’ന് ഭൂമി വിപണിവില കണക്കാക്കി നൽകുന്നത്. ഈ വില കമ്പനിയിൽ സർക്കാരിന്റെ ഓഹരിയാക്കി മാറ്റും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

ദേശീയ,സംസ്ഥാന പാതകൾക്കുസമീപം 30 കേന്ദ്രങ്ങളിൽ വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാൻ 1000 കോടിയുടെ പദ്ധതിയാണു വിഭാവനം ചെയ്തത്. ഓക്കിലും കിഫ്ബിയുമായാണു കരാർ. യാത്രക്കാർക്കു വിശ്രമകേന്ദ്രം, ശുചിമുറികൾ, ഫുഡ്കോർട്ട്, വാഹന അറ്റകുറ്റപ്പണികേന്ദ്രം, ക്ലിനിക്, ഷോപ്പിങ് കേന്ദ്രം എന്നിവയുടെ നിർമാണം പദ്ധതി ലക്ഷ്യം വയ്ക്കുന്നു. 

Related posts

ചൈനയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; അതീവ വ്യാപന ശേഷിയുള്ളതെന്ന് വിദഗ്ധര്‍

Aswathi Kottiyoor

കുടുംബശ്രീക്ക്‌ റെക്കോഡ്‌ വിറ്റുവരവ്‌; 1.25കോടി

Aswathi Kottiyoor

കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox