24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടുത്ത 4 വർഷത്തെ വൈദ്യുതി നിരക്ക് ഒരു മാസത്തിനകം; തെളിവെടുപ്പു പൂർത്തിയായി, റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കും
Kerala

അടുത്ത 4 വർഷത്തെ വൈദ്യുതി നിരക്ക് ഒരു മാസത്തിനകം; തെളിവെടുപ്പു പൂർത്തിയായി, റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കും

അടുത്ത 4 വർഷത്തെ വൈദ്യുതി നിരക്കു തീരുമാനിച്ചു കൊണ്ടുള്ള റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് ഒരു മാസത്തിനുള്ളിൽ ഇറക്കും. ഇതു സംബന്ധിച്ച കമ്മിഷന്റെ തെളിവെടുപ്പു പൂർത്തിയായി. നിരക്കു വർധന നിർദേശിച്ചു നൽകിയ അപേക്ഷയിൽ (താരിഫ് പെറ്റീഷൻ) കൂടുതൽ മാറ്റങ്ങൾ എന്തെങ്കിലും വരുത്തണമെന്നു വൈദ്യുതി ബോർഡ് ഇന്നലെ നടന്ന അന്തിമ തെളിവെടുപ്പിൽ ആവശ്യപ്പെട്ടില്ല. അതേസമയം നിരക്കു വർധനയ്ക്കെതിരെ ഉപയോക്താക്കളുടെ പ്രതിനിധികൾ ഉന്നയിച്ച കാര്യങ്ങൾ സംബന്ധിച്ച ബോർഡിന്റെ അഭിപ്രായം അറിയിക്കാൻ വെള്ളിയാഴ്ച വരെ കമ്മിഷൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചായിരിക്കും ഉത്തരവിറക്കുക. 
നേരത്തെ നിർദേശിച്ചിരുന്ന നിരക്കുകളുടെ കാര്യത്തിൽ ചില മാറ്റം വരുത്തണമെന്നു കോഴിക്കോട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ മുൻപു കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ ബോർഡ് ആവശ്യപ്പെട്ടിരുന്നു. വീണ്ടും മാറ്റം വരുത്തുന്നുണ്ടെങ്കിൽ തിരുവനന്തപുരത്തെ തെളിവെടുപ്പിൽ അറിയിക്കണമെന്നാണു ബോർഡിനോടു കമ്മിഷൻ നിർദേശിച്ചിരുന്നത്.

കോവിഡിനു ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാലമായതിനാൽ നിരക്കു വർധന പാടില്ലെന്നാണു ഗാർഹിക, വ്യവസായ ഉപയോക്താക്കൾ വരെ ഉള്ളവർ തെളിവെടുപ്പിൽ ആവശ്യപ്പെട്ടത്. പല ആവശ്യങ്ങളും മുൻപു മൂന്നു കേന്ദ്രങ്ങളിൽ നടത്തിയ തെളിവെടുപ്പിന്റെ ആവർത്തനമായിരുന്നു. വരുന്ന 4 വർഷങ്ങളിൽ ബോർഡ് പ്രതീക്ഷിക്കുന്ന വരവും ചെലവും വിലയിരുത്തി എത്ര രൂപ കമ്മി വരുമെന്നു കണക്കാക്കി അതു നികത്തുന്ന രീതിയിലുള്ള നിരക്കു വർധന ആയിരിക്കും കമ്മിഷൻ അനുവദിക്കുക. ഇത് ബോർഡ് ആവശ്യപ്പെട്ട നിരക്ക് ആകണമെന്നില്ല.

കാര്യമായ നിരക്കു വർധന കമ്മിഷൻ അനുവദിച്ചില്ലെങ്കിൽ പോലും ഭാവിയിൽ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവാകുന്ന തുക ഉപയോക്താക്കളിൽ നിന്നു സർചാർജ് എന്ന പേരിൽ പിരിച്ചെടുക്കാൻ ബോർഡിനു സാധിക്കും. ഇതിന് ഇപ്പോൾ കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ല. സർചാർജ് പിരിച്ചെടുത്ത ശേഷം വർഷത്തിൽ ഒരിക്കൽ അംഗീകാരം വാങ്ങിയാൽ മതി.

Related posts

പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം.

Aswathi Kottiyoor

ഫാദര്‍ എ അടപ്പൂര്‍ അന്തരിച്ചു

Aswathi Kottiyoor

പഞ്ചായത്തുകളിൽ വിജിലൻസ്‌ ടീം

Aswathi Kottiyoor
WordPress Image Lightbox