കോട്ടയം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസ് ഇനി ദീപ്തമായ ഓർമ. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഡോ.വന്ദനയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഓമനിച്ചു വളർത്തിയ ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നൽകുന്നത് ഹൃദയഭേദകമായ കാഴ്ചയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചടങ്ങുകള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയ്ക്ക് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി.
കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.എൻ.വാസവൻ, സ്പീക്കർ എ.എൻ.ഷംസീർ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05ന് പട്ടാളമുക്കിനു സമീപത്തെ വീട്ടിൽ മൃതദേഹം എത്തിക്കുമ്പോൾ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കിടത്തി.
മൃതദേഹം എത്തിച്ച ആംബുലൻസിൽനിന്ന് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും പുറത്തിറങ്ങിയപ്പോൾ ആശ്വസിപ്പിക്കാനായി അടുത്തെത്തിയ ബന്ധുക്കൾക്കും കരച്ചിലടക്കാനായില്ല. രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.