കൊച്ചി∙ സന്ദീപിനെ പ്രൊസീജ്യർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി. അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷമായ ചോദ്യങ്ങൾ.
അതേസമയം, പൊലീസ് മേധാവി ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു. ആക്രമണം നടന്നത് എങ്ങനെയെന്ന് ഹൈക്കോടതിയിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. ആദ്യം വന്ന ഫോൺ കോൾ മുതൽ ഏറ്റവും ഒടുവിൽ എന്തുസംഭവിച്ചുവെന്ന് അക്കമിട്ട് നിരത്തിയാണ് കോടതിയിൽ പവർപോയിന്റ് പ്രസന്റേഷൻ വഴി എഡിജിപി വിശദീകരിച്ചത്.
സന്ദീപിന്റെ കാലിലെ മുറിവ് വൃത്തിയാക്കാനായി കാൽ താഴ്ത്തിവയ്ക്കാൻ നഴ്സ് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു സന്ദീപ് തയാറായില്ല. ബന്ധു രാജേന്ദ്രൻ പിള്ള കാൽ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചെന്ന് എഡിജിപി കോടതിയെ അറിയിച്ചു. കോടതി ഇപ്പോൾ പൊലീസിന്റെ വിശദീകരണം കേൾക്കുകയാണ്.
∙ സൈബർ പോരാളികൾക്കെതിരെ ഹൈക്കോടതി
വന്ദന ദാസിന്റെ കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെത്തുടർന്ന് സൈബർ ഇടങ്ങളിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ആരാണ് വിമർശിക്കുന്നതെന്ന് അറിയാമെന്നും ഇത്തരം സംഭവങ്ങളിൽ കണ്ണടയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ വിശ്വാസം തകർക്കാനാകില്ല. കോടതിയുടെ ഉദ്ദേശ്യങ്ങളിൽനിന്നു വ്യതിചലിപ്പിക്കാൻ കഴിയില്ല. ഉത്തരവാദിത്തമാണ് ചെയ്യുന്നത്.
∙ ശബ്ദരേഖ ഹാജരാക്കി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ജി. സന്ദീപിന്റെ ഫോൺ ശബ്ദരേഖ പൊലീസ് കോടതിയിൽ ഹാജരാക്കി. ആദ്യം വിളിച്ചത് പുലർച്ചെ 1.06ന്, താൻ കിണറ്റിൽ ഒളിച്ചിരിക്കുന്നുവെന്നാണ് അതിൽ സന്ദീപ് പറയുന്നത്. 3.49ന് വിളിച്ച രണ്ടാം കോളിൽ അയൽവാസി തന്നെ കൊല്ലുമെന്നും ഇയാൾ പറയുന്നു.