വനിതാ ഡോക്ടറുടെ മരണത്തിൽ ഐ.എം.എ ഇന്ന് സംസ്ഥാന വ്യാപക പണിമുടക്കിയിരിക്കുകയാണ്. സർക്കാർ ,സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്ടർമാരും സമരത്തിലാണ്. അത്യാഹിത വിഭാഗം ഒഴിച്ചിട്ട് 24 മണിക്കൂറാണ് സമരം നടത്തുക. സംഭവത്തിൽ ഒരു മണിക്ക് ആക്ഷൻ കൗൺസിൽ യോഗം ചേരും.
യുവ ഡോക്ടറുടെ മരണത്തിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടുക. ഉച്ചക്ക് 1.45 ന് പ്രത്യേക സിറ്റിങ് നടത്തും. ഡോക്ടർമാർക്കെതിരായ അതിക്രമത്തിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് വനിതാ ഡോക്ടർ മരിച്ചത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയാണ് മരിച്ചത്. 22 വയസായിരുന്നു. കഴുത്തിന് പിന്നിലും നട്ടെല്ലിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് വന്ദന മരണപ്പെട്ടത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. അധ്യാപകനായ പ്രതി ലഹരിക്ക് അടിമയായതിനാൽ നിലവിൽ സസ്പെൻഷനിലാണ്. കൊല്ലം അസീസിയ മെഡി കോളേജിലെ വിദ്യാർഥിനിയായ വന്ദന ഹൗസ് സർജൻസിക്കായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.