26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സൈനിക മന്ദിരങ്ങൾ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധം: പാക്കിസ്ഥാനിൽ കലാപം
Uncategorized

സൈനിക മന്ദിരങ്ങൾ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധം: പാക്കിസ്ഥാനിൽ കലാപം


ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് വൻ കലാപം. പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവർ കടന്നുകയറിയെന്ന് വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധങ്ങളെ തുടർന്ന് ആദ്യഘട്ടത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിരോധിച്ചിരുന്നു. പിന്നാലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ രാജ്യത്ത് പൂർണമായി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നിർദേശപ്രകാരമാണിതെന്ന് ടെലികോം അധികൃതർ അറിയിച്ചു

പ്രതിഷേധക്കാർ പല സ്ഥലങ്ങളിലും വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. സൈനിക മന്ദിരങ്ങൾ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധിക്കുന്നത് വലിയ ക്രമസമാധാന പ്രശ്നത്തിന് കാരണമായിട്ടുണ്ട്. നിരവധി അക്രമസംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇസ്​ലാമാബാദിൽ നടന്ന പ്രതിഷേധത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെതന്നെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൂട്ടംകൂടുന്നതിനും മറ്റും ഇസ്‌ലാമാബാദിൽ വിലക്കേർപ്പെടുത്തിയിട്ടും ഇമ്രാന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ലഹോർ, പെഷാവർ, കറാച്ചി, ഗിൽജിത്, കാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ലഹോറിലെ കോർ കമാൻഡറുടെ വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വീട് തല്ലിതകർത്തു. ഇസ്‌ലാമാബാദിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.കോടതി പരിസരത്ത് വച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതിനെ ഇസ്​ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് വിമർശിച്ചു. കോടതിയുടെ പാർക്കിങ് സ്ഥലവും ഹൈക്കോടതി മുറി പോലെ തന്നെ പരിഗണിക്കണമെന്ന് അഡീഷനൽ അറ്റോർണി ജനറലും പ്രതികരിച്ചു. ഇസ്​ലാമാബാദ് ഹൈക്കോടതി ഇമ്രാനെ അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി പിന്നീട് പരിഗണിക്കുന്നതിന് മാറ്റിവച്ചു.

എത്രയും വേഗം ഇമ്രാനെ വിട്ടുഅയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുന്നതിനാണ് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) തീരുമാനം. ഇമ്രാനെ മോചിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലും ശക്തമാണ്.

നുണകളാൽ കെട്ടിപൊക്കിയ രാഷ്ട്രീയമാണ് ഇമ്രാന്‍റെയെന്ന് വിമർശനവുമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. അതിർത്തിയിൽ നിരീക്ഷണം കർശനമാക്കിയെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ആഭ്യന്തരപ്രശ്നങ്ങൾ മറികടക്കാൻ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടുമോയെന്ന സംശയം ഇന്ത്യൻ സൈന്യത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related posts

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മർദിച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

Aswathi Kottiyoor

ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയെന്ന കേസ്: റിവ്യൂ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

Aswathi Kottiyoor

‘പുഴുക്കൾ പുളയുന്ന കുടിവെള്ളം, എല്ലാവരും ആശുപത്രിയിലായി’; കോളേജ് മാനേജ്‌മെന്‍റിനെതിരെ വിദ്യാർത്ഥികൾ

Aswathi Kottiyoor
WordPress Image Lightbox