തിരുവനന്തപുരം∙ കോട്ടയം സ്വദേശിയായ ഡോക്ടർ വന്ദനദാസിന് (22) പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽവച്ച് ആറിലേറേ തവണ കുത്തേറ്റതായി ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. മുതുകിലും നെഞ്ചിലുമാണ് കുത്തേറ്റത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. ഉടൻതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അക്രമാസക്തനായ പ്രതിയെ കൈവിലങ്ങ് ഇട്ടിരുന്നെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നെന്ന് കൂടെയുണ്ടായിരുന്ന ഡോക്ടര്‍മാർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാർ സംസ്ഥാന വ്യാപകമായി അതിശക്തമായി പണിമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. കൊല്ലം ജില്ലയിലെ ഡോക്ടർമാർ സമരത്തിലേക്ക് പോയി കഴിഞ്ഞു.
ഐഎംഎ പ്രസിഡന്റ് സുൽഫി നൂഹുവിന്റെ പ്രതികരണം: ‘സഹപ്രവർത്തകർ മരിക്കുമ്പോൾ ദുഃഖമുണ്ടാകും. കൊല്ലപ്പെടുമ്പോൾ അതിലേറെ ദുഃഖമുണ്ടാകും. ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിക്കുന്നത് സങ്കടകരമാണ്. ശക്തമായ പ്രതിഷേധമുണ്ട്. കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. കേരളത്തിലെ പൊതുസമൂഹവും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം. ഇതിങ്ങനെ തുടരാൻ കഴിയില്ല. ഇക്കാര്യങ്ങൾ ആവർത്തിക്കാൻ കഴിയില്ല. ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങളുടെ ജീവൻ അപകടത്തിലാകുന്ന സ്ഥിതിയിലേക്ക് പോകുന്നത് സ്വീകാര്യമല്ല. ഇക്കാര്യത്തിൽ വർഷങ്ങളായി പ്രതിഷേധം അറിയിക്കുന്നതാണ്. ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ശക്തമായ പ്രതിഷേധവും അമർഷവും കോപവും അറിയിക്കുന്നു. കൊച്ചു കുട്ടിയാണ്. 23 വയസ് ആകുന്നതേയുള്ളൂ. കൊല്ലത്തെ അസീസിയ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന കുട്ടി പരിശീലനത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് കസ്റ്റഡിയിലുള്ള പ്രതി ആക്രമിച്ചത്. പ്രതി അക്രമകാരിയാണെന്നതോ മദ്യപിച്ചിരുന്നതോ ന്യായീകരിക്കാൻ കഴിയുന്ന കാര്യങ്ങളല്ല. മയക്കുമരുന്നു ഉപയോഗിക്കുന്നവർ ആരെയും കൊല്ലുന്ന ലോകമാണോ കേരളത്തിലേത്. ഒരിക്കലും അത് സ്വീകാര്യമല്ല. പൊലീസ് അവരുടേതായ നടപടി സ്വീകരിക്കണം.’–ഡോ.സുൽഫി പറഞ്ഞു.