കണ്ണൂർ : വീടുകളിൽ ആക്രി ശേഖരിക്കാനെത്തുന്ന ലൈൻ ഫീഡേഴ്സിനും ഇനി യൂണിഫോം. കേരളാ സ്‌ക്രാപ് മർച്ചന്റ്‌സ് അസോസിയേഷന്റെതാണ് തീരുമാനം.
“ആക്രി ശേഖരിക്കുന്നവർ പലയിടത്തും മോഷണ ആരോപണങ്ങൾ ഉൾപ്പെടെ കേൾക്കേണ്ടിവരാറുണ്ട്. അതുകൊണ്ടാണ് യൂണിഫോം ആവിഷ്കരിക്കുന്നത്”-അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മേഖലയെ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനും ഓൺലൈൻ വ്യാപാരത്തിനും ആരംഭിച്ച ‘ആക്രിക്കട ആപ്പ്’ സജീവമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽമാത്രം 180 അംഗങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ 2000-ത്തിലധികം ആളുകൾ ആക്രിസാധനങ്ങൾ വിൽക്കുന്നതിന് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്നും സംഘടന അറിയിച്ചു. അസോസിയേഷൻ ജില്ലാ വാർഷിക യോഗം സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ് ഹർഷാദ് ഉദ്ഘാടനം ചെയ്തു. എ.സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
അംഗത്വ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.എം. സിറാജും യൂണിഫോമിന്റെ വിതരണോദ്ഘാടനം കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാറും നിർവഹിച്ചു. ശുചിത്വവാരാഘോഷം പി.പി. ബൈജു ഉദ്ഘാടനം ചെയ്തു. നിസാർ തലശ്ശേരി, ഖാദർ ഹാജി, സജിത്ത് പത്തായക്കുന്ന്, റഹീസ് തലശ്ശേരി, ഉമയാർ പാഥം തുടങ്ങിയവർ സംസാരിച്ചു.