മലപ്പുറം∙ പ്രത്യേക വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിന്ന് താനൂരിലേക്ക് പുറപ്പെട്ടു. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ടാകും. ബോട്ട് അപകടത്തിൽ ഇന്നുതന്നെ ധനസഹായം പ്രഖ്യാപിക്കുമെന്ന് ആന്റണി രാജു അറിയിച്ചു. മുഖ്യമന്ത്രി ആദ്യം തിരൂരങ്ങാടിയിലും പിന്നീട് മരിച്ചവരുടെ വീടുകളിലും എത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. തുടർന്ന് താനൂരിൽ പ്രത്യേക യോഗവും ചേരും.
മന്ത്രിമാരായ എ.കെ.ശശീന്ദ്രനും കെ.രാജനും താനൂരിലേക്ക് തിരിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജും മലപ്പുറത്തേക്ക് തിരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ളവരെ മന്ത്രി വീണാ ജോർജ് സന്ദർശിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.എ.മുഹമ്മദ് റിയാസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
പോസ്റ്റ്മോർട്ടം പൂർത്തിയായി
മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി. തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി.