23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്ണീർപ്പുഴ ; തൂവൽതീരം കണ്ണീർത്തീരമായി
Kerala

കണ്ണീർപ്പുഴ ; തൂവൽതീരം കണ്ണീർത്തീരമായി

കഴിഞ്ഞ സെപ്തംബർ 11ന് വള്ളംകളിക്കായി ആർപ്പുവിളിച്ച പൂരപ്പുഴയുടെ ഇരുകരകളും ഞായറാഴ്‌ച രാത്രി തേങ്ങലിന്റെ ആഴങ്ങളിൽ പിടഞ്ഞു. ഒട്ടുംപുറം തൂവൽതീരം കണ്ണീർത്തീരമായി മാറി. 21 ജീവനാണ് ബോട്ട്‌ ദുരന്തത്തിൽ പൊലിഞ്ഞത്‌. ഞായറാഴ്ച സായാഹ്‌നം ഉല്ലാസഭരിതമാക്കാൻ കുടുംബത്തോടെ എത്തിയതായിരുന്നു മിക്കവരും. വൈകിട്ട്‌ ആറിനുശേഷം ബോട്ടിൽ കയറിയവർ ആരുമറിഞ്ഞില്ല യാത്ര മരണക്കയത്തിലേക്കാണെന്ന്. ആളുകൾ കൂടുതലായി കയറിയതാണ് അപകടകാരണമെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

സ്ത്രീകളും കുട്ടികളുമാണ്‌ മരിച്ചവരിൽ അധികവും. ലൈഫ് ജാക്കറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാത്തത്‌ അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഇരുട്ട്‌ പരന്നതും ബോട്ട് തലകീഴായി മറിഞ്ഞതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. നാടൊട്ടുക്ക് ജീവനുകളെ രക്ഷിക്കാൻ കൈകോർത്തെങ്കിലും മരണസംഖ്യ കുറയ്ക്കാനായില്ല. രാത്രി ഏറെ വൈകിയും മൃതദേഹങ്ങളുമായി ആംബുലൻസുകൾ ആശുപത്രികളിലേക്ക് പാഞ്ഞു.

അമിതഭാരം, കാലപ്പഴക്കം
കാലപ്പഴക്കമുള്ളതും ലൈസൻസില്ലാത്തതുമായ ബോട്ടാണ്‌ ദുരന്തത്തിന്‌ ഇടയാക്കിയതെന്ന്‌ നാട്ടുകാർ. ബോട്ട് സർവീസുകളുടെ കാര്യത്തിൽ നഗരസഭ ഇടപെടാറില്ല. അനുവദിച്ചതിലേറെ യാത്രക്കാരെ കയറ്റിയതാണ്‌ അപകടത്തിനുകാരണമെന്നാണ്‌ സൂചന. വൈകിട്ട്‌ 6.30 വരെയാണ്‌ ബോട്ട്‌ സർവീസിന്‌ അനുമതി. അതുകഴിഞ്ഞും വിനോദസഞ്ചാരികളുമായി ബോട്ടുകൾ സർവീസ്‌ നടത്തുന്നുണ്ട്‌. നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പാലിക്കാറില്ല. അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതൽ പേരെ കയറ്റിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ സ്വിമ്മിങ്‌ പൂളിൽ ഉപയോഗിക്കാവുന്ന ലൈഫ്‌ ജാക്കറ്റാണ്‌ ധരിക്കാൻ നൽകിയത്‌.

സീറ്റുബെൽറ്റിട്ടാണ്‌ പലരും യാത്രചെയ്‌തതെന്നാണ്‌ സൂചന. നാല് ബോട്ടുകളാണ്‌ ഇവിടെ സർവീസ്‌ നടത്തുന്നത്‌. ഇതിൽ ഏറ്റവും വലുതാണ്‌ അപകടത്തിൽപ്പെട്ട ‘അറ്റ്‌ലാന്റ’. വിഷുവിനാണ്‌ സർവീസ്‌ തുടങ്ങിയത്‌. കുട്ടികൾക്ക്‌ ടിക്കറ്റ്‌ ഇല്ല. 40 പേർക്ക്‌ ടിക്കറ്റ്‌ നൽകിയിട്ടുണ്ട്‌.

രക്ഷാപ്രവർത്തനം ദുഷ്‌കരമായി
ബോട്ട് മറിഞ്ഞിടത്ത്‌ ചെളിയായതിനാൽ രക്ഷാപ്രവർത്തനം ആദ്യം സാധ്യമായിരുന്നില്ലെന്ന്‌ മത്സ്യത്തൊഴിലാളിയായ ഷറഫു പറഞ്ഞു.
അരമണിക്കൂറിനുശേഷമാണ്‌ രക്ഷാപ്രവർത്തനം തുടങ്ങാനായത്‌. പിന്നീട്‌ പടിഞ്ഞാറുഭാഗത്തേക്കാണ്‌ ആളുകളെ കൊണ്ടുപോയത്‌. അപകടം നടന്ന സ്ഥലത്തെ സൗകര്യങ്ങളുടെ കുറവും രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കി. ബോട്ട് കരയിലേക്ക്‌ വലിച്ചെടുത്ത്‌ വെട്ടിപ്പൊളിച്ചപ്പോഴാണ്‌ കുറച്ചുപേരെ എടുക്കാനായത്‌.

Related posts

പുതിയ മദ്യനയം,​ സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു,​ ഉത്തരവ് ഉടന്‍

Aswathi Kottiyoor

സ്‌കൂളുകളിലെ യൂണിഫോം; ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് പിന്തുണ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കോളിത്തട്ട് ഗവ എൽ പി സ്കൂളിൻറെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox