തിരുവനന്തപുരം∙ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോരപ്പുഴ കടക്കേണ്ട വേഗപരിധി നൂറ് കിലോമീറ്റാണ്. ട്രെയിൻ പാലം കടന്ന ഉടനെ വേഗം 80 കിലോമീറ്ററിലേക്ക് താഴ്ന്നപ്പോഴാണ് ആരോ ചങ്ങല വലിച്ചതായി ലോക്കോ പൈലറ്റ് എം.സി.മുരളീധരൻ അസി.ലോക്കോപൈലറ്റ് സന്ധ്യയോട് (33) പറയുന്നത്. കൈവരികളില്ലാത്ത പാലത്തിലൂടെ കോച്ചുകളിലേക്കെത്തിയ സന്ധ്യ കാഴ്ച കണ്ട് ഞെട്ടി. നിറയെ പുക. അതിനിടയില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ വ്യക്തി.
ട്രെയിനിലെ യാത്രക്കാർക്കുമേൽ അക്രമി പെട്രോളൊഴിച്ചു തീ കൊളുത്തിയ സംഭവം പുറംലോകം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. പാലത്തിന്റെ അപ്പുറത്തു കാത്തു നിൽക്കുന്ന ആംബുലൻസിലേക്ക് പരുക്കേറ്റവരെ എത്തിക്കണമെങ്കിൽ ട്രെയിൻ സ്റ്റാർട്ടാക്കണം. ട്രെയിൻ വീണ്ടും പുറപ്പെടണമെങ്കിൽ പാലത്തിന് മുകളിൽനിൽക്കുന്ന അഞ്ച് കോച്ചുകളിലെ പ്രഷർ വാൽവ് തുടർ യാത്രയ്ക്ക് സജ്ജമാക്കണം. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ വശങ്ങളിലൂടെ ഈ ജോലി ചെയ്യാൻ കഴിയില്ല. കംപാർട്ട്മെന്റുകളുടെ ഇടയ്ക്കുള്ള ഭാഗത്തിലൂടെ സന്ധ്യ താഴേക്ക് ഊർന്നിറങ്ങി പ്രഷർ വാൽവുകൾ ശരിയാക്കി. ട്രെയിൻ പാലം കടത്തി പരുക്കേറ്റവരെ ആംബുലൻസുകളിലേക്ക് മാറ്റി. സാഹസികമായി സന്ധ്യ നടത്തിയ പ്രവർത്തനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സന്ധ്യയ്ക്ക് കത്തെഴുതി.
ഏപ്രിൽ രണ്ടിന് രാത്രി ഒൻപതരയോടെയാണ് എലത്തൂരിന് സമീപം ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ അക്രമി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. മൂന്നുപേർ സംഭവത്തിൽ മരിച്ചു. യാത്രക്കാർ പരിഭ്രാന്തരായി ചങ്ങല വലിച്ചപ്പോൾ 21 കോച്ചുകളിൽ ആറോളം കോച്ചുകൾ കോരപ്പുഴ നദിക്ക് കുറുകേയുള്ള പാലത്തിന് നടുവിലെത്തിയിരുന്നു. ചങ്ങല വലിച്ചതിന്റെ കാരണം പരിശോധിക്കാനെത്തിയ സന്ധ്യ കാഴ്ചകൾ കണ്ട് ഞെട്ടി. കംപാർട്ടുമെന്റുകളിൽ പുക നിറഞ്ഞിരുന്നു. ആശങ്കയോടെ താഴെ പുഴയിലേക്ക് നോക്കുന്നവർ, താഴേക്ക് ചാടാനായി തയാറാകുന്നവർ, പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ എടുക്കാൻ ബഹളം വയ്ക്കുന്നവർ. അപകടവിവരം അറിഞ്ഞയുടനെ പൊലീസും ആംബുലൻസും പുഴയുടെ മറുകരയിലെത്തി. പക്ഷേ, ചങ്ങല വലിച്ച് ട്രെയിൻ നിന്നതിനാൽ കോച്ചുകൾക്ക് അടിയിലെ പ്രഷർ വാൽവ് റീ സെറ്റ് ചെയ്യണം. പാലത്തിന് മുകളിൽ ട്രെയിൻ നിൽക്കുന്നതിനാൽ കൈവരി ഇല്ലാത്ത പാലത്തിന്റെ വശങ്ങളിലൂടെ ഇടിയിലേക്ക് കയറാനാകില്ല. രണ്ട് കോച്ചുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തുകൂടി (വെസ്റ്റിബ്യൂൽ) ട്രെയിനിന് ഉള്ളിലൂടെ സന്ധ്യ താഴേക്ക് ഇറങ്ങി. യാത്രക്കാരും സഹായിച്ചു.
അഞ്ചു കോച്ചുകളിലെയും പ്രഷർ വാൽവ് സന്ധ്യ റീ സെറ്റ് ചെയ്തു. വണ്ടി പാലത്തിൽനിന്നും മാറ്റി ആംബുലൻസിലേക്ക് ആളുകളെ കയറ്റി. പീന്നീട് ട്രെയിൻ യാത്ര തുടർന്നു. പഴയ രീതിയിലുള്ള പാലമായതിനാൽ പാലത്തിന്റെ വിടവുകളിലൂടെ പുഴയിലേക്ക് വീഴാനുള്ള സാധ്യതയുണ്ടായിരുന്നു. അതെല്ലാം അവഗണിച്ചാണ് സന്ധ്യ ട്രെയിനിനെ യാത്രാ സജ്ജമാക്കിയത്. ട്രെയിനിലെ അസി.ലോക്കോ പൈലറ്റ് സന്ധ്യയുടെ സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി. കൈവരിയില്ലാത്ത പാലത്തിൽനിന്ന ബോഗികളിലെ പ്രഷർ വാൽവ് അടയ്ക്കുന്നതിന് സ്വജീവിതം പണയപ്പെടുത്തി സന്ധ്യ നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സ്റ്റേഷനിൽ സീനിയർ അസി ലോക്കോ പൈലറ്റാണ് സന്ധ്യ. 2015ലാണ് സർവീസിൽ പ്രവേശിച്ചത്.