ആദ്യ 12 ദിവസത്തിനുള്ളിൽ യാത്രികരുടെ എണ്ണം ലക്ഷം പിന്നിട്ട് കൊച്ചിയുടെ സ്വന്തം ജലമെട്രോ. കഴിഞ്ഞമാസം 26ന് ഹൈക്കോടതി – വൈപ്പിൻ റൂട്ടിലും 27ന് വൈറ്റില – കാക്കനാട് റൂട്ടിലും സർവീസ് ആരംഭിച്ച ജലമെട്രോയിൽ യാത്ര ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിൽ ഓരോദിവസവും വൻ വർധനയാണ് ഉണ്ടാകുന്നത്. ശനിയാഴ്‌ച സർവീസ് അവസാനിക്കുമ്പോൾ ആകെ യാത്രികരുടെ എണ്ണം 98,359 ആയിരുന്നു. ഞായർ വൈകിട്ട് അഞ്ചുവരെ യാത്രികരുടെ എണ്ണം 1,06,528.
രണ്ടു റൂട്ടുകളിലായി 9000 യാത്രികർ ജലമെട്രോയിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ (കെഡബ്ല്യുഎംഎൽ) കണക്ക്. നിലവിലെ ശേഷിയിൽ ജലമെട്രോയ്‌ക്ക് കൈകാര്യം ചെയ്യാവുന്നതിന്റെ പരമാവധിയാണിത്. രണ്ടുലക്ഷം രൂപയ്‌ക്കുമുകളിലാണ് പ്രതിദിനവരുമാനം. തിരക്ക് അനിയന്ത്രിതമാകുമ്പോൾ നിശ്ചിത ഷെഡ്യൂളിനുപുറമെ പ്രത്യേക സർവീസുകൂടി നടത്തുന്നുണ്ട്. എന്നിട്ടും ഇരട്ടിയിലേറെപ്പേർ ജലമെട്രോ ടിക്കറ്റ് കിട്ടാതെ മടങ്ങുന്നുണ്ട്