പ്രസവ ചികിത്സാ സൗകര്യങ്ങളിലെ മികവിന് ദേശീയ ആരോഗ്യദൗത്യം ഏർപ്പെടുത്തിയ ലക്ഷ്യ (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ്) സർട്ടിഫിക്കേഷൻ കേരളത്തിലെ എട്ട് സർക്കാർ ആശുപത്രിക്കുകൂടി. എറണാകുളം, കോഴിക്കോട് ജനറൽ ആശുപത്രികൾ, മാനന്തവാടി, മാവേലിക്കര ജില്ലാ ആശുപത്രികൾ, കോഴിക്കോട്, മാങ്ങാട്ടുപറമ്പ്, പൊന്നാനി സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി എന്നിവയ്‌ക്കാണ് അംഗീകാരം. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്ക് നേരത്തേ അംഗീകാരം ലഭിച്ചിരുന്നു.
പ്രസവമുറി സൗകര്യം, അത്യാധുനിക ശസ്‌ത്രക്രിയാ സൗകര്യം എന്നിവയിൽ 95 ശതമാനത്തിലധികം സ്‌കോറോടെയാണ് ആശുപത്രികൾ അംഗീകാരം നേടിയത്. പ്രസവ ചികിത്സ, അണുബാധ കുറയ്ക്കൽ, പ്രസവസമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, പ്രസവമുറികളുടെയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തിയറ്ററുകളുടെയും ഗുണനിലവാരം എന്നിവയാണ് പരിഗണിച്ചത്. അതിതീവ്ര പരിചരണം ആവശ്യമായ ഗർഭിണികൾക്ക് വെന്റിലേറ്റർ സൗകര്യങ്ങളോടുകൂടിയ ഐസിയു, ഹൈ ഡെപ്പന്റൻസി യൂണിറ്റ് എന്നിവയും ആശുപത്രികളിൽ സജ്ജമാക്കി. ബാക്കിയുള്ള മെഡിക്കൽ കോളേജുകളെ അടുത്തഘട്ടത്തിൽ ലക്ഷ്യയുടെ ഭാഗമാക്കും. തുടർന്ന് മുഴുവൻ ആശുപത്രികളിലും ലോകോത്തര പ്രസവ ചികിത്സ ഉറപ്പാക്കും
സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന പരിപാടിയുടെ ഭാഗമായി ആലുവ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികൾ, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ വികസനപ്രവൃത്തികൾ നടന്നുവരികയാണ്.