പാരിസ്: ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യയിലേക്ക് പോയ സംഭവത്തിൽ മാപ്പുപറഞ്ഞ് സൂപ്പർ താരം ലയണൽ മെസി. പി.എസ്.ജി സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് താരത്തിന്റെ ക്ഷമാപണം. സൗദിയാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാൻ പറ്റുമായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
‘സാധാരണ പോലെ മത്സരത്തിനുശേഷം അവധിയാകുമെന്നാണ് ഞാൻ കരുതിയത്. ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. റദ്ദാക്കാൻ കഴിയുമായിരുന്നില്ല. നേരത്തെ റദ്ദാക്കി മാറ്റിനിശ്ചയിച്ച യാത്രയായിരുന്നു ഇത്.-സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മെസി വിശദീകരിച്ചു.
സഹതാരങ്ങളോട് മാപ്പുചോദിക്കുകയാണെന്നും മെസി പറഞ്ഞു. ടീം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മേയ് മൂന്നിനാണ് പി.എസ്.ജിയുടെ അനുമതി ചോദിക്കാതെ ലയണൽ മെസി സൗദി സന്ദർശിച്ചത്. ഇതിനുപിന്നാലെ താരത്തെ രണ്ടാഴ്ചത്തേക്ക് ക്ലബ് സസ്‌പെൻഡ് ചെയ്തു. ലോറിയന്റിനെതിരെ നടന്ന മത്സരത്തിൽ 3-1ന് പി.എസ്.ജിയുടെ പരാജയത്തിനു പിന്നാലെയായിരുന്നു മെസിയുടെ സൗദിയാത്ര. സസ്‌പെൻഷൻ കാലയളവിൽ മെസിക്ക് ടീമിനായി കളിക്കാനും പരിശീലനത്തിനും വിലക്കുണ്ട്. പ്രതിഫലവും ലഭിക്കില്ലെന്ന് പി.എസ്.ജി അറിയിച്ചിരുന്നു