വേനൽ മഴ കനിഞ്ഞതോടെ വരണ്ടുണങ്ങിയ വനമേഖല വീണ്ടും പച്ചപ്പണിഞ്ഞു. കാട്ടുതീ ഭീഷണിയിൽനിന്ന് രക്ഷനേടിയതിന്റെ ആശ്വാസത്തിലാണ് വനപാലകരും വനാതിർത്തികളിലുള്ള ജനങ്ങളും. പ്രതീക്ഷിച്ചതിലും കടുത്ത ചൂടായിരുന്നു ഇത്തവണ ജില്ലയില്‍ അനുഭവപ്പെട്ടത്. 30–35 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി.
വനത്തിലെ ജലാശയങ്ങളിലേറെയും വറ്റിവരണ്ടു. പുൽമേടുകളും മുളങ്കാടുകളും കരിഞ്ഞുണങ്ങി. ചെറിയൊരു തീപ്പൊരിപോലും ഹെക്‌ടർ കണക്കിന് വനം കത്താനിടയാവുന്ന സാഹചര്യവുമുണ്ടായി. വനപാലകരും കാട്ടുതീ പേടിയിലായിരുന്നു. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
സൗത്ത് വയനാട് ഡിവിഷൻ, നോർത്ത് വയനാട് ഡിവിഷൻ, വന്യജീവി സങ്കേതം എന്നിവിടങ്ങളിലെല്ലാം മുന്‍കരുതലുകളെടുത്തു. വാച്ചർമാർ, ഫയർഗ്യാങ്, ഫയർലെെൻ തുടങ്ങിയ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയതോടെ കാട്ടുതീ തടയാനായി. ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായെങ്കിലും കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാനായി. മഴ ലഭിച്ചതോടെ വനത്തിലെ നീരൊഴുക്ക് ശക്തമായി. സാധാരണ മെയ് മാസം അവസാനം എത്താറുള്ള മഴ ഇത്തവണ നേരത്തെയെത്തിയതും ആശ്വാസമാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ കരിഞ്ഞുണങ്ങിയ പുൽമേടുകളിൽ പുതുനാമ്പുകള്‍ തലയുയര്‍ത്തിയിരിക്കുകയാണ്