ലണ്ടൻ ∙ ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടന്‍ ഒരുങ്ങി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചടങ്ങില്‍ ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും. ക്ഷണിക്കപ്പെട്ട രണ്ടായിരം അതിഥികള്‍ ചടങ്ങിന് സാക്ഷിയാവും. ബ്രിട്ടിഷ് രാജകുടുംബത്തോടുള്ള സ്നേഹം മൂലം ബ്രിട്ടന് പുറത്തുനിന്നും ഒട്ടേറെ ആളുകളാണ് ചടങ്ങുകൾക്കെത്തിയിരിക്കുന്നത്.
കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുള്ള കോമൺവെൽത്ത് രാഷ്ട്രമേധാവികൾക്കായി ബക്കിങ്ങാം കൊട്ടാരത്തിലും മധ്യലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടേറിയറ്റിലും ചാൾസ് രാജാവ് ആതിഥേയനായുള്ള വിരുന്നു നടന്നു. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സ്വീകരണവിരുന്നിൽ ചാൾസ് രാജാവുമായി സംഭാഷണം നടത്തി. ഭാര്യ സുദേഷ് ധൻകറും ഉപരാഷ്ട്രപതിക്ക് ഒപ്പമുണ്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് തുടങ്ങിയവരും പങ്കെടുത്തു. പ്രധാനമായും ബ്രിട്ടന്റെ മുൻ കോളനികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്തിന്റെ അധ്യക്ഷൻ ചാൾസ് രാജാവാണ്.