കൊട്ടാരക്കര ∙ അരിക്കൊമ്പന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഗണേഷ് കുമാർ എംഎൽഎ. അരിക്കൊമ്പന്‍ എന്ന കാട്ടാന ഇനി ചിന്നക്കനാലിലേക്ക് വരാന്‍ സാധ്യത കുറവാണ്. കാരണം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്ന് ചിന്നക്കനാലിലേക്ക് നല്ല ദൂരമുണ്ട്. എന്നുകരുതി ആന തിരിച്ച് വന്നുകൂടെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി മറ്റൊരു സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തനംതിട്ടയില്‍നിന്ന് ഒരാള്‍ കൊല്ലം ജില്ലയിലേക്ക് ഒരു കാര്‍ വിറ്റു. കാര്‍ വാങ്ങിയയാള്‍ നോക്കുമ്പോള്‍ ദിവസവും ഈ കാറിന്റെ അടിയില്‍ ഒരു നായക്കുട്ടി കിടക്കുന്നു. കാര്‍ സ്റ്റാര്‍ട്ടാക്കി പോകുമ്പോള്‍ നായക്കുട്ടി മാറിക്കിടക്കും, കാര്‍ തിരിച്ചുകൊണ്ടിടുമ്പോള്‍ അതിനടിയില്‍ തന്നെ വീണ്ടും വന്നു കിടക്കും. പത്തനംതിട്ടയില്‍നിന്ന് ഏതാണ്ട് 48 കിലോമീറ്ററോളം മാറിയുള്ള സ്ഥലത്തുള്ളയാളാണ് കാര്‍ വാങ്ങിയത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഈ നായക്കുട്ടി കാര്‍ വിറ്റയാളുടെ വീട്ടിലുണ്ടായിരുന്നതാണെന്നും എപ്പോഴും കാറിനടിയിലായിരുന്നു നായക്കുട്ടിയുടെ ഉറക്കമെന്നും. അവിടെ നിന്നാണ് കാര്‍ വാങ്ങിയ ആളുടെ വീടന്വേഷിച്ച് നായക്കുട്ടി ഇത്രയും ദൂരം എത്തിയത്.
മൃഗങ്ങളെ സംബന്ധിച്ച് മണംപിടിക്കാനുള്ള കഴിവ് കൂടുതലാണ്, പ്രത്യേകിച്ചും ആനകള്‍ക്ക്. തേയിലയുടെ മണംപിടിച്ച് അരിക്കൊമ്പന്‍ മനുഷ്യരുടെ അടുത്തെത്താം, അവിടെ അരിയുണ്ടെന്ന് അതിന് അറിയാം. അതുകൊണ്ടു തന്നെ തമിഴ്നാട്ടിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ചിന്നക്കനാലിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഭക്ഷണത്തിനും വെള്ളത്തിനും കുറവുണ്ടാകില്ല. ധാരാളം ജൈവ സമ്പത്തുള്ളയിടമാണിത്.
ഭക്ഷണവും വെള്ളവും സുലഭമായി കിട്ടിയാല്‍ ആന വേറെ എങ്ങോട്ടും പോകില്ല. അമ്മയുടെ ചരമവാര്‍ഷികത്തിന് അമ്മ മരിച്ചയിടത്തേക്ക് അരിക്കൊമ്പന്‍ വരുന്നു എന്നൊക്കെയുള്ളത് കള്ളക്കഥകളാണ്. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുവന്നിടത്ത് കാട്ടാനകള്‍ കൊടിയില്ലാതെ പ്രതിഷേധിച്ചെന്നൊക്കെയാണ് ചിലര്‍ പറയുന്നത്. അതങ്ങനെയല്ല, തലേദിവസം അവിടെ ഒരു ആനക്കൂട്ടമുണ്ടായിരുന്നു. നാലു താപ്പാനകളും അരിക്കൊമ്പനും മനുഷ്യന്റെ സഹവാസവുമൊക്കെയുണ്ടായിരുന്നു. ദൂരെയുള്ള ആനക്കൂട്ടത്തിന് ഈ സിഗ്നല്‍ കിട്ടും. ഭക്ഷണവും വെള്ളവും ഇവിടെയുണ്ടെന്ന് അറിയിക്കുന്നതാണിത്. അങ്ങനെ സ്വാഭാവികമായി എത്തിയ ആനകളാണത്.
അരിക്കൊമ്പന്‍ ദൗത്യത്തിലുണ്ടായിരുന്ന ഡോ.അരുണ്‍ സക്കറിയയുടെ ഒരു അഭിമുഖം കണ്ടു. വളരെ സങ്കടം തോന്നി. അദ്ദേഹം ജോലിയാണ് ചെയ്തത്. ആനയെ മയക്കുവെടിവച്ചതിന് അദ്ദേഹത്തെ അസഭ്യം പറയാനാണ് പലരും വിളിച്ചത്. അരിക്കൊമ്പന്‍ കാരണമുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ അതായി ഇപ്പോള്‍ പ്രശ്നം. ഒരാളുടെ വീട് ആന നശിപ്പിച്ചു എന്നു കാണുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് രസമാണ്. പക്ഷേ അത് പണിതെടുക്കേണ്ടി വരുന്നയാള്‍ക്കേ അതിന്റെ വിഷമം അറിയൂ.
മൂന്നാറിലൊക്കെ കെട്ടിടം വയ്ക്കുക എന്നു പറയുന്നത് വിഷമകരമായ കാര്യമാണ്. കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് ഷെഡില്‍ കഴിയേണ്ടി വരുന്നവരുടെ വിഷമം പറഞ്ഞാല്‍ മനസ്സിലാകില്ല. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയ സ്ഥലത്ത് സ്മാരകം പണിയാന്‍ ആളുകള്‍ പറയാത്തത് നന്നായി. ബന്ധുവായ ഒരു കുട്ടി തന്നോട് ചോദിച്ചതാണ്, അങ്കിളേ അരിക്കൊമ്പന്റെ ഭാര്യയ്ക്കും കുഞ്ഞിനുമൊക്കെ സങ്കടമായിക്കാണില്ലേ എന്ന്. ഇതിപ്പോ റജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞോ? എനിക്കറിയില്ല.
ഈ അമ്മയും കുഞ്ഞും അരിക്കൊമ്പന്റേതാണെന്ന് എങ്ങനെ അറിയും? ആനയ്ക്ക് സംഭവിച്ച പരുക്കുകളെല്ലാം മാറിക്കോളും. അരിക്കൊമ്പനെ കുങ്കിയാനയാക്കാമായിരുന്നു എന്നും കൂട്ടിച്ചേര്‍ത്ത എംഎല്‍എ, കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തിനെ അനുകൂലിക്കുന്നില്ലെന്നും വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംഎല്‍എ ഇക്കാര്യങ്ങള്‍ പറഞ്ഞത്.