കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന്റെ വരവറിയിച്ച് ഇന്ന് പ്രക്കൂഴം ദിന ചടങ്ങുകൾ ഇക്കരെ ക്ഷേത്രത്തിൽ നടന്നു. ചടങ്ങുകളുടെ ഭാഗമായി ‘തണ്ണിം കുടി’ നടന്നു. ഇക്കരെ ക്ഷേത്ര നടയിൽ ആയില്യാർ കാവിന് അഭിമുഖമായി നിന്നാണ് ‘തണ്ണിം കുടി’ ചടങ്ങ് നടത്തുന്നത്.
ഒറ്റപ്പിലാൻ, കൊല്ലൻ, ജന്മശാരി, പെരുവണ്ണാൻ, പുറങ്കലയൻ, കൊല്ലൻ, കാടൻ തുടങ്ങിയവരാണ് ‘തണ്ണിം കുടി’ സ്ഥാനീകർ. ഏഴ് മരവാഴ കൊടിയിലയിൽ ‘തണ്ണിം കുടി’ ചടങ്ങ് നടത്തേണ്ടുന്ന സാധനങ്ങളായ ഒരു തേങ്ങ, മൂന്ന് പഴം, മൂന്നാണി വെല്ലം എന്നിവ തയ്യാറാക്കി വെക്കും. കണക്കപിള്ള ‘തണ്ണിം കുടി’ സ്ഥാനീകരെ പേരുചൊല്ലി വിളിക്കുന്നതോടെ അവർ ഒത്തുചേർന്ന് ആയില്യാർ കാവിനു അഭിമുഖമായി പ്രാർത്ഥിക്കും. ഏഴില്ലത്ത് കാരണവർ ചടങ്ങ് നടത്താൻ ആഗ്യം കാണിക്കുന്നതോടെ സ്ഥാനീകർ ഇലയോടെ സാധനങ്ങളുമെടുത്ത് രഹസ്യ വഴിയിലൂടെ മന്ദംചേരിയിലേക്ക് പോകും. മന്ദം ചേരിയിൽ ഇവരുടെ ചടങ്ങുകൾ അന്യർ ദർശിക്കാൻ പാടില്ലെന്നാണ് ചട്ടം. ഇന്ന് അർധരാത്രിയോടെ ആയില്യാർ കാവിൽ ഗൂഢപൂജകളും അപ്പട നിവേദ്യവും ഉണ്ടാകും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടയാണ് വൈശാഖമഹോത്സവം ആരംഭിക്കുന്നത്. ജൂൺ 3 ന് നിത്യനിദാന പൂജകൾ ആരംഭിക്കുന്നതോടെയാണ് അക്കരെ സന്നിധാനത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
previous post