21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ആഭിചാര ക്രിയകൾക്കായി ശോഭന നിർബന്ധിച്ചു; പൂജകൾക്കായി ആളുകൾ വരുമെന്നും കൊല്ലുമെന്നും ഭീഷണി.
Uncategorized

ആഭിചാര ക്രിയകൾക്കായി ശോഭന നിർബന്ധിച്ചു; പൂജകൾക്കായി ആളുകൾ വരുമെന്നും കൊല്ലുമെന്നും ഭീഷണി.


പത്തനംതിട്ട ∙ മലയാലപ്പുഴയിൽ മന്ത്രവാദിയുടെ വീട്ടിൽ പൂട്ടിയിട്ട 2 സ്ത്രീകളെയും പെൺകുട്ടിയെയും മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്നു മോചിപ്പിച്ചു. വാസന്തിയമ്മ മഠം എന്ന പേരിൽ മന്ത്രവാദ കർമങ്ങൾ നടത്തുന്ന ശോഭനയുടെ (52) വീടിന്റെ വാതിൽ തല്ലിത്തകർത്താണ് പത്തനാപുരം സ്വദേശി അനീഷ് ജോണിന്റെ ഭാര്യ ശുഭ, മകൾ ലീയ (8), ഭർതൃമാതാവ് എസ്തർ എന്നിവരെ ഇന്നലെ പുറത്തെത്തിച്ചത്. ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാര കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ ശോഭനയെ കഴിഞ്ഞ ഒക്ടോബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിമാൻഡിൽ കഴിയവേ ശോഭനയും സുഹൃത്ത് ഉണ്ണിക്കൃഷ്ണനും മറ്റൊരു കേസിൽ ജയിലിലുണ്ടായിരുന്ന അനീഷ് ജോണിനെ പുറത്തിറങ്ങാൻ സഹായിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്വന്തമായി വീടില്ലാത്ത അനീഷും കുടുംബവും ഒരുമാസം മുൻപാണ് മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തിൽ എത്തിയത്. ജയിലിൽനിന്ന് ഇറക്കാനായി നൽകിയ പണം തിരികെ നൽകണമെന്ന് അടുത്തിടെ ശോഭന അനീഷിനോട് ആവശ്യപ്പെട്ടു. പണം കൊടുത്തില്ലെങ്കിൽ ശുഭയെയും ലീയയെയും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും മന്ത്രവാദത്തിൽ വിശ്വാസമില്ലാത്ത കുടുംബത്തെ ആഭിചാര ക്രിയകൾക്കായി നിർബന്ധിച്ചെന്നും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച രാത്രി അനീഷ് വീട്ടിലില്ലാത്ത സമയത്ത് ശുഭ, എസ്തർ, ലീയ എന്നിവരെ വീട്ടിൽ പൂട്ടിയിട്ടശേഷം ശോഭനയും കൂട്ടാളിയും കടന്നുകളഞ്ഞു. ബുധനാഴ്ച രാത്രി പൂജകൾക്കായി വീട്ടിൽ ആളുകൾ വരുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇന്നലെ ഉച്ചയോടെ ഇവർ ബഹളം വച്ചതിനെതുടർന്ന് നാട്ടുകാരിൽ ചിലർ തൊട്ടടുത്ത് കുടുംബശ്രീ യോഗം നടന്നയിടത്ത് വിവരമറിയിക്കുകയായിരുന്നു. മഹിളാ അസോസിയേഷൻ അംഗങ്ങളായ സിഡിഎസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെ വിളിച്ചു കതക് തകർത്തു മൂവരെയും മോചിപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ മലയാലപ്പുഴ സ്റ്റേഷനിലേക്കു മാറ്റി.

ശോഭന മർദിച്ചിരുന്നതായും കൃത്യമായി ഭക്ഷണം തന്നിരുന്നില്ലെന്നും എസ്തർ പൊലീസിനോട് പറഞ്ഞു. അനീഷ് ഒരാഴ്ച മുൻപും ഉണ്ണിക്കൃഷ്ണൻ മൂന്ന് ദിവസം മുൻപും ശോഭന ഇന്നലെയും വീട്ടിൽനിന്നു കടന്നുകളഞ്ഞതായാണ് വിവരം. ഇവരെ കണ്ടെത്താനായിട്ടില്ല.

Related posts

തീവണ്ടി മാതൃകയിൽ വർണക്കൂടാരമൊരുക്കി അടക്കാത്തോട് ഗവ. യു.പി സ്‌കൂൾ

Aswathi Kottiyoor

ശബരിമലയിൽ ഭക്തജന തിരക്ക്; ദർശന സമയം മൂന്നു മണിക്കൂർ നീട്ടി

Aswathi Kottiyoor

അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതിയ്ക്ക് ജീവപര്യന്തം

Aswathi Kottiyoor
WordPress Image Lightbox