തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം കെങ്കേമമായി ആഘോഷിക്കാൻ തീരുമാനിച്ച എൽഡിഎഫ് പതറുന്നതാണു ‘ക്യാമറ’ യിലെ കാഴ്ച. ആഘോഷത്തിന്റെ ഒരുക്കത്തിന് അഴിമതി ആരോപണം കുരുക്കിട്ടിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേർക്കുതന്നെ ആരോപണമുയർന്നിട്ടും പ്രതികരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തയാറായിട്ടില്ല. തലസ്ഥാനത്തു പൊതുയോഗത്തിൽ പങ്കെടുത്ത പിണറായി വിജയനും ആക്ഷേപങ്ങളോടു പ്രതികരിച്ചില്ല. മന്ത്രിസഭായോഗ ദിനം ആയിരുന്നിട്ടും ഇന്നലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഗതാഗത മന്ത്രി ആന്റണി രാജുവിനെ സമീപിച്ച മാധ്യമങ്ങൾക്കും മറുപടി കിട്ടിയില്ല. ഈ നിലയിൽ ഇടതുമുന്നണി നിശ്ശബ്ദമാകുന്ന സാഹചര്യം വിരളമാണ്.
എൽഡിഎഫ് സർക്കാർ അഴിമതി കാട്ടില്ലെന്നും ആരോപണങ്ങൾ സർക്കാർ പരിശോധിക്കട്ടെ എന്നും 6 ദിവസം മുൻപു സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളും പ്രതിപക്ഷവും പുതിയ വിവരങ്ങളുമായി സർക്കാരിനെ വെട്ടിലാക്കുമ്പോൾ പാർട്ടി മൗനത്തിലാണ്. ആരോപണങ്ങളുയരുമ്പോൾ സർക്കാരിനു കവചം തീർക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതിനു തയാറായിട്ടില്ല. സെക്രട്ടേറിയറ്റ് ചർച്ച ചെയ്യാത്തതുകൊണ്ടാണു ന്യായീകരിക്കാത്തത് എന്നാണു നേതാക്കൾ വിശദീകരിക്കുന്നത്.
മന്ത്രിസഭയിലുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു തന്നെ കരാറിന്റെ കാര്യത്തിൽ വിയോജിപ്പ് ഉണ്ടായിരുന്നു. ചർച്ച ചെയ്യാതെ ഇക്കാര്യത്തിൽ സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻ പാർട്ടിയില്ല എന്ന സൂചനയാണുള്ളത്. സർക്കാർ തന്നെ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് അതിനു മുൻപു മുഖ്യമന്ത്രിയോ പാർട്ടിയോ പ്രതികരിക്കുന്നതിലെ ഔചിത്യക്കുറവാണു നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
വെള്ളി മുതൽ ഞായർ വരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരുകയാണ്. സെക്രട്ടേറിയറ്റ് യോഗത്തിലെങ്കിലും പുതിയ വിവാദം പരിഗണനാ വിഷയമായേക്കാം. കഴിഞ്ഞ ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റി സർക്കാരും പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖ അംഗീകരിച്ചിരുന്നു. ‘അഴിമതിയോടു വിട്ടുവീഴ്ച പാടില്ല’ എന്നായിരുന്നു അതിലെ ഒരു ഉപശീർഷകം. കടലാസിൽ എഴുതിവച്ചതു പാർട്ടി നടപ്പാക്കുമോ എന്നാണ് അറിയേണ്ടത്.
സിപിഐയും മൗനത്തിലാണ്. മന്ത്രിസഭ നേരത്തേ ഇക്കാര്യം പരിഗണിച്ചപ്പോൾ അവിടെ ഉയർന്ന വിയോജിപ്പ് സിപിഐയുടെ മന്ത്രിമാർ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന നിലപാടാണു പാർട്ടിയുടേത്. ഹനീഷ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
അതേസമയം പ്രതിപക്ഷത്തിനു ഫോക്കസ് വ്യക്തമാക്കാൻ ‘ക്യാമറസഹായിച്ചു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണു ക്യാമറയ്ക്കു പിന്നിലെ അഴിമതിയെക്കുറിച്ച് ആദ്യം ശബ്ദിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തൊട്ടുപിന്നാലെ സർക്കാരിനെ ആക്രമിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി ‘ആരാണ് യഥാർഥ പ്രതിപക്ഷനേതാവ്’ എന്ന ചോദ്യക്കെണി ഇട്ടുകൊടുത്തെങ്കിലും രണ്ടുപേരും അതിൽ കൊത്തിയില്ല.