ഇരിട്ടി: കീഴൂർ കുന്നിൽ മൂന്ന് വീടുകളിലെ കിണറുകളിൽ ജലം മലിനമായതായി പരാതി. കീഴൂർക്കുന്നിലെ വി. എൻ. തങ്കമണി, ടി. ശാരദ എന്നിവരുടെയും സമീപത്തെ മറ്റൊരു കിണറ്റിലുമാണ് ജലം മലിനമായതായി കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന രീതിയിൽ വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ കിണറുകളിലെ വെള്ളം മാറിയിരിക്കുന്നത്. ഇതുവരെ കുടിവെള്ളമായും വീട്ടാവശ്യത്തിനും ഉപയോഗിച്ചിരുന്ന ശുദ്ധജലം നൽകിയിരുന്ന കിണറുകളിൽ ഈ മാറ്റം കാണാൻ തുടങ്ങിയത് 10 ദിവസം മുൻപാണ്. ഇവരുടെ വീടിൻ്റെ സമീപത്തുള്ള അംഗൻവാടിയിലേക്കും ഈ വീടുകളിൽ നിന്നാണ് വെള്ളം എടുക്കുന്നത്. ഇത് സമീപ പ്രദേശങ്ങളിലെ വീട്ടു കിണറുകളിലേക്കും വാപിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശ വാസികൾക്കുള്ളത്. കിണറിൽ മലിനജലം എത്തുന്നതിന്റെ ഉറവിടം കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇരിട്ടി നഗസഭയിലും ജില്ലാ കലക്ടർക്കും മുഖ്യമന്ത്രിക്കുമുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ കാലത്ത് വീട്ടുമുറ്റത്തുള്ള കിണർജലം മലിനമായതോടെ വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് വീട്ടുകാർ. ഇരിട്ടി നഗരസഭ, താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം സ്ഥലത്തെത്തി മലിനമായ കിണർ ജലം പരിശോധനക്കായി കൊണ്ടുപോയി.
previous post